ആര്യനാട് : ഇറവൂരിൽ നിന്ന് കാർ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ധനുവച്ചപുരം കൊറ്റാമം ഷഹാന മൻസിലിൽ അജു എന്ന റാഷിദിനെ (18) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 ന് വൈകിട്ട് ഇറവൂരിൽ പാർക്ക് ചെയ്തിരുന്ന മീനാങ്കൽ പാറമുക്ക് ആശാ നിവാസിൽ സന്തോഷിന്റെ കാറാണ് മോഷ്ടിച്ചത്. സമീപത്തെ വീടിന്റെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് സ്കൂട്ടറിൽ എത്തിയ 3 പേർ കാർ മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ കാർ കോട്ടയം ജില്ലയിലെ കറുകച്ചാൽ ചമ്പക്കര പള്ളിപ്പടിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദിനെ പൊലീസ് പിടികൂടിയത്. 2020 ൽ മല്ലപ്പള്ളിയിൽ നിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതിയാണ് റാഷിദ്. ആര്യനാട് നിന്ന് കാറുമായി പോയ സംഘം കൂട്ടുകാരനായ മറ്റൊരാളിനെയും കാറിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ പണം, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചു. ചങ്ങനാശേരി, കോട്ടയം, പാലാ, എറണാകുളം, കട്ടപ്പന എന്നിവിടങ്ങളിൽ സഞ്ചരിച്ച് ലഹരി വസ്തുക്കൾ വാങ്ങി കച്ചവടം ചെയ്ത ശേഷമാണ് കാർ ഉപേക്ഷിച്ചത്.ഇതിന് ശേഷം മറ്റൊരു കാർ മോഷ്ടിച്ച് സ്ഥലം വിട്ട പ്രതികൾ ആ വാഹനത്തിൽ രണ്ട് ദിവസം സഞ്ചരിച്ച ശേഷം ചങ്ങനാശേരിയിൽ ഉപേക്ഷിച്ച് അവിടെ നിന്ന് മറ്റൊരു കാറുമായി കടന്നു. അതുമായി തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊട്ടാരക്കരയ്ക്ക് സമീപം വച്ച് ഈ കാർ കേടായി. തുടർന്ന് പ്രതികൾ ഓട്ടോയിൽ കുറച്ച് ദൂരം സഞ്ചരിച്ച ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ച് അതിൽ തിരുവനന്തപുരത്ത് എത്തി. ശേഷം പ്രത്യേക സംഘമായി തിരിഞ്ഞ് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് റാഷിദ് വലയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
