നെടുമങ്ങാട് : കൊവിഡിന്റെ ആശങ്കയിൽ വഴിമുട്ടി സ്കൂൾ ബസ് ഡ്രൈവർമാരുടെയും ടാക്സി ഡ്രൈവർമാരുടെയും ജീവിതം . വർഷങ്ങളായി വളയം പിടിച്ച് കുടുംബം പോറ്റിയിരുന്ന ഡ്രൈവർമാർ കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി ആശങ്കയിലാണ്. കുഞ്ഞുങ്ങളെ സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിച്ചിരുന്ന സ്കൂൾ ബസ് ഡ്രൈവർമാരുടെ ജോലി നഷ്ടമായിട്ട് മാസങ്ങളായി…..വായ്പ്പ എടുത്തും സ്വർണ്ണം പണയം വച്ചും നിരത്തിലിറക്കിയ വാഹനങ്ങൾ ഓട്ടം നിലച്ചതിനെ തുടർന്ന് ഡ്രൈവർമാർ കടക്കെണിയിലാണ്…സ്വകാര്യ ബസുകളിൽ ജോലിയില്ലാതായതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ ഡ്രൈവർമാരും നിരവധിയുണ്ട്. ഭാവിയെക്കുറിച്ച് പറയുമ്പോൾ ആശങ്ക മാത്രമാണ് ഇവർക്ക് ബാക്കി. നിയന്ത്രണങ്ങൾ നീക്കിയാൽ മാത്രമേ പല സ്വകാര്യ സ്കൂളുകളുടെയും ഡ്രൈവർമാർക്ക് ശമ്പളം ലഭിക്കൂ.
ചില സ്കൂളുകളൊഴികെ ബാക്കിയെല്ലായിടത്തും ഒരുവർഷത്തെ ശമ്പളം നൽകാനുണ്ട്. രണ്ടാം തരംഗ ഭീതി പരന്നപ്പോൾ തന്നെ ബസുകളും ടാക്സി കാറുകളും ഷെഡിലൊതുക്കാൻ നിർദേശം വന്നിരുന്നു .
