വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ക്രൂരമായി മർദിച്ച് കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ.വെങ്ങാനൂർ അണ്ടൂർവിളാകം എസ്.ആർ ഭവനിൽ വിശ്വംഭരൻ (55)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലയായിരുന്നു സംഭവം. വിഴിഞ്ഞം വെങ്ങാനൂർ റൂട്ടിലെ ബസ് കണ്ടക്ടറായ അരുവിക്കര സ്വദേശി വിശ്വനാഥിനാണ് ബസിൽ വച്ച് മർദനമേറ്റത്.യാത്രക്കാരനായ പ്രതി ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ കണ്ടക്ടറെ ചവിട്ടി വീഴ്ത്തുകയും കൈയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന വെട്ടുകത്തി കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐ മാരായ രാജേഷ്, സുരേഷ്, സി.പി.ഒ സജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.
