തിരുവനന്തപുരം ∙ നഗരത്തെ ദുരിതത്തിലാക്കി കനത്ത മഴ. മണിക്കൂറുകൾ നീണ്ട മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നഗരത്തിലെ ഒട്ടേറെ സ്ഥലങ്ങളിൽ മരചില്ലകൾ ഒടിഞ്ഞു വീണു.വട്ടിയൂർക്കാവ്, പേരൂർക്കട ശാസ്തമംഗലം, പിടിപി നഗർ, കുടപ്പനക്കുന്ന്,മരുതംകുഴി എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി. ഇന്നലെ വൈകിട്ട് പെയ്ത മഴയാണ് ദുരിതം വിതച്ചത്.വെള്ളം കയറിയ പ്രദേശങ്ങളിൽ കിണറുകളിൽ ചെളിവെള്ളം നിറഞ്ഞു. മണ്ണും ചെളിയും നിറഞ്ഞു ശുചിമുറികളും ഉപയോഗ ശൂന്യമായ അവസ്ഥയിലായി….
കഴക്കൂട്ടം,നേമം എന്നിവിടങ്ങളിൽ കൃഷി നാശവും സംഭവിച്ചു.പേട്ട പാറ്റൂർ, തൈക്കാട് നന്ദൻകോട്, തമ്പാനൂർ, പഴവങ്ങാടി റോഡുകൾ വെള്ളത്തിലായി.ദേശീയ പാത ബൈപ്പാസിലെ ഇടറോഡിലെ ഓട നിറഞ്ഞു കവിഞ്ഞ് കുളത്തൂരിലും കഴക്കൂട്ടം പാലസ് നഗർ റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തെറ്റിയാർ കരകവിഞ്ഞ് അരശൂംമൂട്, ആറ്റിപ്ര മേഖലകളിൽ വെള്ളം കയറി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, കരിക്കകം,പനത്തുറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രിയോടെ മഴ ശമിച്ചെങ്കിലും റോഡുകളിലെ വെള്ളം ഇറങ്ങിയില്ല. റോഡു കളിലേക്ക് കടപുഴകി വീണ മരങ്ങൾ ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി.മരം വീണതു കാരണം നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു….
