തിരുവനന്തപുരം ജില്ലയിൽ ഇന്ന് (14.05.2021) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം ഓറഞ്ച് അലേർട്ട് ആയിരുന്നത് ഇന്നലെ വൈകിട്ട് 4.30 മണിക്കുള്ള അറിയിപ്പിലാണ് റെഡ് അലേർട്ടാക്കി ഉയർത്തിയത്. ഓറഞ്ച് അലേർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തന്നെ പ്രതികൂല സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ നടത്തിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഏറ്റവും ഉയർന്ന മഴമുന്നറിയിപ്പാണ് റെഡ് അലേർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിനു മുകളിൽ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്.
ദുരന്ത നിവാരണത്തിൽ മുൻനിരയിൽ ഉള്ള റവന്യൂ വകുപ്പിൻ്റെ ഉദ്യോഗസ്ഥരായ സബ് കളക്ടർമാർ, തഹസിൽദാർമാർ എന്നിവരെ ഇൻസിഡ്ന്റ് കമാൻഡർമാരായി നിയമിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് നിർദേശങ്ങൾ നൽകിയിരുന്നു. അതിൻപ്രകാരം ജില്ലയിൽ 263 സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണം തഹസിൽദാർമാർ വില്ലേജ് ഓഫിസർ മുഖേന നടത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് പശ്ചാതലത്തിൽ രണ്ടു തരം ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായവരെ മാറ്റിപ്പാർപ്പിക്കുന്നതിനു വേണ്ടി 44 പ്രത്യേക DCC (ഡോമിസിലിയറി കോവിഡ് കെയർ സെൻ്ററുകൾ ) സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ അതാത് തദ്ദേശസ്ഥാപനങ്ങൾ, പോലീസ് എന്നീ വകുപ്പുകളുടെ സഹായത്തോടെ റവന്യൂ അധികൃതർ മൈക്ക് അനോൺസ്മെന്റുകളിലൂടെയും മറ്റും നൽകുന്നതാണ്.
അടിയന്തിര ഘട്ടത്തിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാനും ക്യാമ്പുകൾ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും എല്ലാ പഞ്ചായത്ത് /മുൻസിപ്പാലിറ്റി / കോർപ്പറേഷൻ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ 15 ഫയർ & റെസ്ക്യൂ സ്റ്റേഷനുകളും അടിയന്തിര രക്ഷാ ഉപകരണങ്ങൾ തയാറാക്കി വെച്ച് മുഴുവൻ സമയവും പ്രവർത്തനസജ്ജരാണ്. ഫയർ&റെസ്ക്യൂ ഓഫീസർമാർക്കൊപ്പം സിവിൽ ഡിഫനൻസ് വോളണ്ടിയർമാരും രംഗത്തുണ്ടാകും.
ഡാമുകളിലെ ജലനിരപ്പ് ദിവസവും നിരീക്ഷിച്ചുവരുന്നുണ്ട്. സുരക്ഷിതമായ അളവിൽ പുറത്തേക്കൊഴുക്കുന്നുണ്ട്. എന്നാൽ അടിയന്തിര സാഹചര്യം വന്നാൽ മുന്നറിയിപ്പ് നൽകിക്കൊണ്ട് രാത്രികാലത്തും ഡാമുകൾ തുറന്നേക്കാം. ഇത് മുൻകൂട്ടി കണ്ട് നദികളിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അറിയിപ്പ് ലഭിച്ചാൽ മാറിത്താമസിക്കാൻ തയാറായിരിക്കണം. ഇവർ പരിഭ്രാന്തരാകാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നതിന് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു
