വാമനപുരം മണ്ഡലം സി.പി.എം. സ്ഥാനാർഥി ഡി.കെ.മുരളി നിലനിർത്തി. ഭൂരിപക്ഷം- 9397 വോട്ടുകൾ. 2016-ൽ ഡി.കെ.മുരളി നേടിയ ഭൂരിപക്ഷത്തിന് അടുത്തുനിൽക്കുന്നതാണ് ഇത്തവണത്തെയും ഭൂരിപക്ഷം. എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച തഴവ സഹദേവൻ നേടിയത് 5511 വോട്ടുകൾ മാത്രമാണ്. 2016-ലെ എൻ.ഡി.എ. സ്ഥാനാർഥിയായ ബി.ഡി.ജെ.എസിന്റെ ആർ.വി.നിഖിൽ 13956 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഈ കുറവ്. ഡി.കെ. മുരളി 70468 വോട്ടും ആനാട് ജയൻ 61071 വോട്ടും നേടി.
പ്രചാരണ ഘട്ടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി ആനാട് ജയൻ മേൽക്കൈ നേടുകയും ചെയ്തു. വോട്ട് എണ്ണലിന്റെ തുടക്കത്തിൽ നേടിയ 709 വോട്ടുകളുടെ ഭൂരിപക്ഷം ഡി.കെ.മുരളി ഓരോ ഘട്ടത്തിലും ഉയർത്തി. വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഈ ഭൂരിപക്ഷം 1900, 2376 എന്നിങ്ങനെ ഉയർന്ന് കഴിഞ്ഞ തവണത്തേതിനു തുല്യമായി.
