മതേതരത്വത്തിന്റെ കുലപതിയും മതസൗഹാർദ ത്തിന്റെ പ്രവാചകനും ആയിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോഴും ഇതര സമുദായങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടരുതെന്ന പ്രതിബദ്ധത സി എച്ച് കാണിച്ചിരുന്നു. കേരള സഹൃദയവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ സി എച്ച് നടത്തിയ പ്രവർത്തനങ്ങൾ രജത ശോഭയായി നിലനിൽക്കുമെന്ന് സ്മാരക പ്രഭാഷണം നടത്തിയ ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു. സമുദായം നേടിയെടുത്ത വിദ്യാഭ്യാസ പുരോഗതിയിലും ഇന്ന് കാണുന്ന ഈ നേട്ടങ്ങളിലുമൊക്കെ സി എച്ചിന്റെ വ്യക്തിമുദ്ര നമുക്ക് കാണാൻ കഴിയും എന്നും കാര്യകാരണസഹിതം ബിനോയ് വിശ്വം സ്മാരക പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ വേദി പ്രസിഡന്റ് ചാന്നാങ്കര എം പി കുഞ്ഞ്, ഇ.എം നജീബ്, അഡ്വ. എം. എ. സിറാജുദ്ദീൻ, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, അഡ്വ. കണിയാപുരം ഹലിം, രഘുചന്ദ്രൻ നായർ, വീണ എസ് നായർ എന്നിവർ ആശംസകൾ അറിയിച്ചു.
സർക്കാർ സ്കൂളിൽ നിന്നും ഹയർ സെക്കൻഡറിക്ക് ഉന്നത വിജയവും ജെ ഇ ഇ യിലൂടെ കോഴിക്കോട് എൻഐടിയിൽ പ്രവേശനം ലഭിച്ച വേദി കുടുംബാംഗം ഷിഫാന എസ് ഷഫീക്കിന് വേദി പുരസ്കാരവും ക്യാഷ് അവാർഡും മന്ത്രി വേദിയിൽ വച്ച് സമ്മാനിച്ചു.
