കിളിമാനൂർ: ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിന്റെ കിളിമാനൂർ സ്റ്റോർ രണ്ടു മാസമായി തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് പരാതി. മരുന്നുകൾ 50 ശതമാനം മുതൽ 80 ശതമാനം വരെ വില കുറച്ച് ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ നിന്നു ലഭിക്കുന്നതാണ്. എന്നാൽ ഇത് തുറക്കാത്തതോടെ സാധാരണക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.
ആറ്റിങ്ങൽ റോഡിൽ ചൂട്ടയിൽ മുസ്‌ലിം ജമാ അത്തിന് സമീപത്തുള്ള കടമുറിയിൽ ആണ് മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്. മെഡിക്കൽ സ്റ്റോറിന്റെ ബോർഡിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഈ നമ്പറിലേക്കുള്ള സേവനം ലക്ഷ്യമല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
കിളിമാനൂരിലെ സ്റ്റോർ തുറന്ന് പ്രവർത്തിക്കാത്തതിനാൽ 14 കിലോമീറ്റർ അകലെയുള്ള വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിച്ചാണ് മരുന്നുകൾ വാങ്ങുന്നത്.
