January 15, 2026

വിതുര: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിതുര മണലി പാലം തുറന്നു. മന്ത്രി എം.ബി. രാജേഷ് പാലം നാടിന് സമർപ്പിച്ചു. ഇതോടെ വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ വാർഡുകളിലെ ഒട്ടേറെ ആദിവാസി ഊരുകളിലെ യാത്രാ ക്ലേശം പരിഹരിക്കപ്പെട്ടു. പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  നബാർഡ്, എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 2.10 കോടി ചെലവിൽ വാമനപുരം നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്.
തെങ്കാശി പാതയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വിതുര ടൗണിൽ കയറാതെ തന്നെ ഈ വഴി പൊന്മുടിയിലേക്കും യാത്ര ചെയ്യാനുള്ള അവസരം പാലം ഒരുക്കുന്നു. വിതുര – തെന്നൂർ റൂട്ടിലെ പൊന്നാംചുണ്ട് പാലം മഴയിൽ അപകടാവസ്ഥയിൽ ആയതിനാൽ യാത്ര നിരോധിച്ചിരിക്കുകയാണ്. മണലി പാലം തുറന്നതോടെ ഒരു പരിധി വരെ ഈ മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്കും പരിഹാരമാകും. വിതുര ഗ്രാമപ്പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുശ്മശാനം നിർമിക്കുന്നത്. തൊളിക്കോട്, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കൂടി പ്രയോജനകരമാം വിധമാണ് ശ്മശാനം നിലവിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *