പാറശാല: വീടിനു സമീപം ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടി പരുക്കേൽപിച്ച കേസിൽ ഒരാൾ പിടിയിൽ. പരശുവയ്ക്കൽ മാണംകോണം എസ്.എം ഭവനിൽ മിഥുൻ (19) ആണ് അറസ്റ്റിലായത്. പതിനൊന്ന് ദിവസം മുൻപാണ് പരശുവയ്ക്കൽ സ്വദേശി അജിയെ പ്രദേശവാസിയായ അനീഷിന്റെ നേതൃത്വത്തിൽ എത്തിയ നാല് അംഗ സംഘം വീടുകയറി ആക്രമിച്ചത്. അക്രമത്തിൽ ചെവിക്കു പിന്നിൽ വെട്ടേറ്റ അജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഭാര്യയ്ക്കും മകൾക്കും മർദനമേറ്റു. കഞ്ചാവ് വിൽപന, ഉപയോഗം എന്നിവ നടത്തുന്ന സംഘത്തിൽ പെട്ടവരാണ് അക്രമം നടത്തിയത്. സംഭവശേഷം ഒളിവിൽപോയ മിഥുൻ ഇന്നലെ വീട്ടിൽ എത്തിയ വിവരത്തെ തുടർന്നെത്തിയ പാറശാല പൊലീസ് ഒാടിച്ചിട്ട് പിടികൂടുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണ്.
