തിരുവനന്തപുരം : ” ജയ ജയ കോമള കേരള ധരണി….” ഡോ: കെ. ഓമന കുട്ടി ടീച്ചർ പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തിനു വേണ്ടി വളരെ മനോഹരമായി പാടിയപ്പോൾ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ അതിനൊത്ത് താളിട്ടത് കെ.ആൻസലൻ എം.എൽ.എ. ഉൾപ്പെടെയുള്ളവരെ ആവേശഭരിതമാക്കി തീർത്തു. സുഗതകുമാരിയുടെ പിതാവ് ബോധോ ശ്വരൻ എഴുതിയ കേരള ഗാനത്തിലെ വരികളാണ് നവതിയുടെ നിറവിൽ നിൽക്കുന്ന നെയ്യാറ്റിൻ കര കോമളത്തിനു വേണ്ടി ഡെലിഗേറ്റ് ചെയ്ത് ടീച്ചർ പാടിയത്. പ്രേംനസീർ സുഹൃത് സമിതി പ്രേം നസീറിന്റെ 34-ാം ചരമവാർഷികം പ്രമാണിച്ച് നടത്തിവരുന്ന സ്നേഹാദരവിന്റെ ഭാഗമായി ഇന്നലെ പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തെ അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ആദരിച്ച വേളയിലാണ് ഈ മുഹൂർത്തം നടന്നത്. നെയ്യാറ്റിൻകരക്ക് ചരിത്രങ്ങൾ പറയാൻ ധാരാളമുണ്ടെന്നും ആ ചരിത്രത്തിന്റെ ഭാഗമാണ് പ്രേംനസീറിന്റെ ആദ്യ നായികയെന്നും ചടങ്ങ് ഉൽഘാടനം ചെയ്ത ആൻസലൻ എം.എൽ.എ. അറിയിച്ചു. മലയാള സിനിമയുടെ അമ്മയാണ് നെയ്യാറ്റിൻകര കോമളമെന്ന് ഉപഹാരം നൽകി പെരുമ്പടവം പറഞ്ഞു സമിതിയുടെ കൈ നീട്ടമായുള്ള സെറ്റ് മുണ്ട് മുൻ ജയിൽ ഡി.ഐ.ജി.എസ്.സന്തോഷും സമിതി പ്രവർത്തകർ പൊന്നാടയും ചാർത്തി. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, ബാലരാമപുരം റഹിം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രേം നസീറെന്ന മഹാനടന്റെ പേരിൽ തനിക്ക് നൽകി വരുന്ന സ്നേഹ ലാളനമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് നെയ്യാറ്റിൻകര കോമളം മറുപടിയായി പറഞ്ഞു.

