വര്‍ക്കല: 52 കാരന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി മകള്‍ രംഗത്ത്. വര്‍ക്കല ചിലക്കൂര്‍ ഷാനി മന്‍സിലില്‍ ഷാനിയുടെ മരണത്തിലാണ് മകള്‍ ബീന(27) ഭര്‍ത്താവ് ഇടവ പാറയില്‍ കാട്ടുവിളാകത്ത് വീട്ടില്‍ ശ്യാമിന് എതിരെ ആരോപണം ഉന്നയിക്കുന്നത്. തന്റെ പിതാവിനെ ഭര്‍ത്താവായ ശ്യാം മര്‍ദ്ദിച്ചുകൊന്നുവെന്നാണ് ബീന വെളിപ്പെടുത്തിയത്. സംഭവത്തില്‍ അയിരൂര്‍ പോലീസ് ശ്യാമിനെ കസ്റ്റഡില്‍ എടുത്തതായാണ് ലഭിക്കുന്ന വിവരം.ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ആ ബന്ധം തുടരുന്നതിനായി തന്നെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് തനിക്ക് നേരെ ക്രൂരമായ പീഡനങ്ങള്‍ നടത്തുന്നത്. തന്റെ മാതാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ പിതാവിന്റെ സംരക്ഷണം മാത്രമാണ് തനിക്ക് ലഭിക്കുന്നത്. അതുകൂടി ഇല്ലാതാക്കി തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുണ്ടാക്കി തന്നെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ പിതാവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊന്നത് ബീന പറയുന്നു.ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി മകള്‍ ആരോപിക്കുന്നു. ഭര്‍ത്താവിനെതിരെ മാത്രമല്ല ഭര്‍ത്താവിന്റെ മാതാവ്, സഹോദരി, ഭര്‍ത്തൃ മാതാവിന്റെ സഹോദരിയുടെ മകന്‍ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ട് മണിമുതല്‍ രണ്ട് മണിവരെ തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടി വന്നത് ക്രൂരമായ ശാരീരിക പീഡനമാണെന്നും ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ മൂക്കില്‍നിന്നു ചോരവന്നുവെന്നും അവര്‍ പറയുന്നു. ഇന്ന് തന്റെ പിതാവിന്റെ വീട്ടില്‍ എത്തി തനിക്ക് നേരിട്ട പീഡനത്തെകുറിച്ച് പറയുകയും ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പിതാവുമൊത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുകയുമായിരുന്നു. പിതാവ് തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കവെ ഭര്‍ത്താവായ ശ്യാം പിതാവിനെ മര്‍ദ്ദിക്കുകയും തറയില്‍വീണ് ശ്വാസംമുട്ടി പിടഞ്ഞ പിതാവിനെ ശ്യാം നോക്കി നില്‍ക്കുകയുമായിരുന്നു-ബീന വിശദീകരിക്കുന്നു. മര്‍ദ്ദനമേറ്റ നിലയില്‍ ഷാനിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.7 വയസുള്ള തന്റെ മകനെയും 8 മാസം പ്രായമായ മകളെയും തന്റെ അടുക്കലേക്ക് ഭര്‍ത്താവും വീട്ടുകാരും വിടില്ലെന്നും ബീന വ്യക്തമാക്കുന്നു. തന്റെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ തനിക്കും അതേ അസുഖം ഉണ്ടെന്നാണ് ഭര്‍ത്താവും വീട്ടുകാരും പറയുന്നതെന്നും ബീന വ്യക്തമാക്കുന്നു.
