ശ്രീകാര്യം : മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കുളത്തൂർ കിഴക്കുംകര വിളയിൽ വീട്ടിൽ ജയകുമാർ (36) ആണ് ശ്രീകാര്യം പൊലീസിന്റെ വാഹന പരിശോധനയിൽ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് 3.30 ന് ആക്കുളം പാലത്തിന് സമീപം വാഹന പരിശോധനയിലാണ് ഡ്രൈവർ കുടുങ്ങിയത്. ശ്രീകാര്യം അലത്തറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ്. സംഭവം സ്കൂൾ അധികൃതരെ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ച് കുട്ടികളെ വീടുകളിൽ എത്തിച്ചു.
