ശ്രീകാര്യം: ഇറച്ചി കച്ചവടത്തിന്റെ മറവിൽ ലഹരി മരുന്ന് വിറ്റ നാലു പേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശികളായ ഇർഫാൻ (28), അർഷാദ് (29), അജ്മൽ (27), ബാദുഷ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 700 ഗ്രാം ഹഷീഷ് പിടിച്ചെടുത്തു. വിപണിയിൽ 3 ലക്ഷം വില വരുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ശ്രീകാര്യം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഓട്ടോയിൽ എത്തിയ നാലംഗ സംഘം പിടിയിലായത്.ഇറച്ചി വിറ്റതിന്റെ പണം വാങ്ങാൻ പോകുന്നു എന്നു പറഞ്ഞ ഇവരെ ചോദ്യം ചെയ്യുമ്പോഴാണ് മാംസ വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായ അർഷാദ് നേരത്തെ ലഹരിമരുന്ന് വിൽപന കേസിലെ പ്രതിയാണെന്ന് പൊലീസ്. അതിഥി തൊഴിലാളികൾക്കാണ് തങ്ങൾ പ്രധാനമായും ലഹരി മരുന്ന് വിൽക്കുന്നതെന്ന് അറസ്റ്റിലായവർ പൊലീസിനോടു പറഞ്ഞു.പ്രതികളെ റിമാൻഡ് ചെയ്തു.
