ശ്രീകാര്യം∙ വെഞ്ചാവോട് ബഥേൽ മാർത്തോമ്മാ പള്ളിയുടെ മുന്നിലൂടെയുള്ള നഗരസഭാ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് നാളുകൾ. മാർത്തോമ്മാ പള്ളി അധികൃതരും നാട്ടുകാരും കോർപറേഷനോടും കൗൺസിലറോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിഞ്ഞനോക്കിയില്ലെന്നു പരാതി. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരി കുഴിയിൽ മറിഞ്ഞുവീണ് കൈവിരലുകൾക്ക് പൊട്ടലുണ്ടായി.
ഈ റോഡിൽ കാൽനട പോലും സാധ്യമല്ല. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലാത്തതിനാൽ ഇപ്പോൾ പള്ളിക്കാരും നാട്ടുകാരും ചേർന്ന് ശ്രമദാനമായി കോൺക്രീറ് ചെയ്ത് വൃത്തിയാക്കി. റോഡ് ടാക്സും ബിൽഡിങ് ടാക്സും ഭീമമായി വർധിപ്പിച്ച് പിരിച്ചെടുത്തിട്ട് കേവലം നൂറ് മീറ്റർ ദൂരം പോലുമില്ലാത്ത റോഡിന്റെ അറ്റകുറ്റപ്പണിപോലും ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. റോഡിന്റെ ഇരുഭാഗത്തും ഇരുപതോളം വീടുകളും നൂറ്റമ്പത് കുടുംബങ്ങളുള്ള ഒരു പള്ളിയുമുണ്ട്. പള്ളിയിൽ വന്ന ഒരാൾ സ്കൂട്ടറുമായി തെന്നിവീണ് അബോധാവസ്ഥയിൽ കിടന്നു. തുടർന്നാണു നാട്ടുകാരും പള്ളിക്കാരും ചേർന്ന് പണി നടത്തിയത്.
