സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുടെ പെഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ട് പേരെ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവമെന്നും ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്.
ഇതിനിടെ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി രംഗത്തെത്തി. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും തെറ്റായ പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും തുടർനടപടികളിൽ കസ്റ്റംസ് അധികൃതർക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും ശശി തരൂർ പ്രതികരിച്ചു. തൻറെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിൻറെ വിശദീകരണം. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് പേഴ്സണൽ സ്റ്റാഫിൽ നിന്നും വിരമിച്ചിട്ടും പാർട്ടം ടൈം സ്റ്റാഫായി നിലനിർത്തിയതെന്നും ശശി തരൂർ പറയുന്നു.
