വിഴിഞ്ഞം : ആശങ്കകളും ആകുലതകളും സംശയങ്ങളും പങ്കുവച്ചു തുറമുഖ റെയിൽ കണക്ടിവിറ്റി പബ്ലിക് ഹിയറിങ്. പദ്ധതിയെക്കുറിച്ചുള്ള അവബോധത്തിനും വ്യക്തതക്കുമായി വിശദമായ പദ്ധതിരേഖകളോടെ അടുത്ത മാസം വീണ്ടും യോഗം ചേരും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലേക്കുള്ള റെയിൽ കണക്ടിവിറ്റിക്കുള്ള സ്ഥലം ഏറ്റെടുക്കലിനോടനുബന്ധിച്ച് വിഴിഞ്ഞത്തു ചേർന്ന സാമൂഹികാഘാത പഠന ഭാഗമായ പബ്ളിക് ഹിയറിങിലാണ് പ്രദേശവാസികൾ തങ്ങളുടെ ആശങ്കകൾ അധികൃതരോട് പങ്കുവച്ചത്. വിഴിഞ്ഞം ഭാഗത്തെ 18 വീട്ടുകാരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു ഒന്നാം ഘട്ട ഹിയറിങ്. സബ്കലക്ടർ ഒ.വി.ആൽഫ്രഡ് അധ്യക്ഷനായി. തങ്ങളുടെ കിടപ്പാടവും ജീവനോപാധികളും എന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ ആകുലതയാണ് പ്രദേശവാസികൾ ആദ്യം ഉന്നയിച്ചത്.
വാക്കാലുള്ള വിവരണത്തിനു പകരം വിഡിയോ ചിത്രീകരണത്തിലൂടെ കൂടുതൽ വ്യക്തമാക്കണമെന്നും ഹിയറിങിനെത്തിയ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ഇതോടെയാണ് അടുത്ത മാസം 14ന് വൈകിട്ട് 3ന് വിശദമായ യോഗം ചേരാനുള്ള തീരുമാനം സബ് കലക്ടർ യോഗത്തെ അറിയിച്ചത്. പദ്ധതിയെ കുറിച്ച് വിസിൽ സിഇഒ ശ്രീകുമാർ കെ.നായർ വിശദീകരിച്ചു. ജനവാസ കേന്ദ്രങ്ങൾ കൂടുതലായി ഒഴിപ്പിക്കേണ്ടി വരും എന്ന നിലയ്ക്കാണ് ഭൂഗർഭ റെയിൽ പദ്ധതി ആവിഷ്കരിച്ചതെന്നു വിസിൽ അധികൃതർ വിശദീകരിച്ചു. ഭൂഗർഭ പാത തുറമുഖ ഭാഗത്തേക്ക് വന്നിറങ്ങുന്ന ഭാഗത്തെ 18 വീടുകളെ മാത്രമാണ് പദ്ധതി ബാധിക്കുക എന്നും സമീപ വീടുകൾക്കോ ഭൂഗർഭ പാത കടന്നു പോകുന്ന ഭാഗത്തെ ഭവനങ്ങൾക്കോ ആഘാതമുണ്ടാകുമെന്ന ആശങ്ക ഉയർന്നാൽ തൃപ്തികരമാം വിധം പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.
തുറമുഖ പദ്ധതിയോടനുബന്ധിച്ചു വർഷങ്ങളായി തങ്ങളുന്നയിച്ചു വരുന്ന 18 ഇന ആവശ്യങ്ങളിൽ 5 എണ്ണം മാത്രം ഭാഗികമായി നടപ്പായുള്ളൂ എന്നും പൂർണമായി പരിഹരിക്കുന്നില്ലെന്നും ഈ അവസ്ഥയിലും ഇടവക കൗൺസിന്റെയും തന്റെ നിർദേശാനുസരണമാണ് ജനം പങ്കെടുത്തതെന്നും ഹിയറിങിൽ സംബന്ധിച്ച വിഴിഞ്ഞം ഇടവക വികാരി മോൺ. ഡോ.നിക്കോളാസ് , ഇടവക സെക്രട്ടറി ആന്റണി എന്നിവർ പറഞ്ഞു. സബ് കലക്ടർ, വിസിൽ സിഇഒ എന്നിവരെ കൂടാതെ വിസിൽ ചീഫ് പ്രോജക്ട് ഓഫിസർ ഡോ.സന്തോഷ് സത്യപാൽ, ജനറൽ മാനേജർ (എൻവയോൺമെന്റ്) പ്രസാദ് കുര്യൻ, എൻജിനീയർ (എക്സ്റ്റേണൽ ഇൻഫ്രാ) അഭിലാഷ് പിള്ളൈ, കൊങ്കൺ റെയിൽ കോർപ്പറേഷൻ, സാമൂഹിക ആഘാത പഠന ഏജൻസി പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
