വിഴിഞ്ഞം : ബൈപാസ് സർവീസ് റോഡിന്റെ വിഴിഞ്ഞം പീച്ചോട്ടുകോണം ഭാഗത്ത് ഇറച്ചിമാലിന്യം തള്ളി. മാലിന്യത്തിൽനിന്ന് ഊറിയെത്തിയ ജലം റോഡിലേക്ക് ഒഴുകിപ്പരന്നത് യാത്രികരെയും ദുർഗന്ധം പരിസരവാസികളെയും ബുദ്ധിമുട്ടിച്ചു. മുക്കോല കല്ലുവെട്ടാൻ കുഴി റോഡിൽ പീച്ചോട്ടുകോണത്ത് പാതയോട് ചേർന്നുള്ള സ്വകാര്യ പുരയിടത്തിലാണ് രണ്ടു ലോഡ് വരുന്ന കോഴിയിറച്ചി മാലിന്യമുൾപ്പെടെ തള്ളിയത്. നാട്ടുകാർ നഗരസഭയിലും വിഴിഞ്ഞം പൊലീസിലും വിവരം നൽകി. സ്വന്തം ചെലവിൽ മാലിന്യം മറവു ചെയ്തതായി കൗൺസിലർ സിന്ധു വിജയൻ അറിയിച്ചു. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു അവർ പറഞ്ഞു. പൊലീസ് അന്വേഷണ ഭാഗമായി സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുകയാണ്. ഈ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയെന്നും കൗൺസിലർ അറിയിച്ചു. കോവളം ∙ ബൈപാസിൽ ഇറച്ചിമാലിന്യം തള്ളൽ പതിവാകുന്നു. പൊറുതി മുട്ടി ജനവും. കഴിഞ്ഞ മൂന്നാഴ്ചക്കിടെ വാഴമുട്ടം, പാച്ചല്ലൂർ കൂനം തുരുത്തി പ്രദേശങ്ങളിലായിരുന്നു ഇറച്ചി മാലിന്യം തള്ളിയത്.
ഇതിനിടെ കോട്ടുകാൽ പുന്നക്കുളം ഭാഗത്തും സമാന രീതിയിൽ സംഭവം നടന്നു. ശുചിമുറിമാലിന്യം തള്ളി കടന്നുകളയാൻ ശ്രമിച്ച ലോറിയെ നാട്ടുകാർ പിന്തുടർന്നു തടഞ്ഞ്, വിഴിഞ്ഞം പൊലീസിനു കൈമാറിയ സംഭവവുമുണ്ടായി. ലോറി കസ്റ്റഡിയിലായി എന്നു മാത്രം. കഴിഞ്ഞ ദിവസം പീച്ചോട്ടുകോണത്തും മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം നടക്കാത്തതിൽ ആക്ഷേപമുണ്ട്. മാലിന്യം തള്ളാൻ പ്രത്യേക സംഘങ്ങളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ചാക്കു കെട്ടുകളാക്കി സർവീസ് റോഡിന്റെ കോവളം, ആഴാകുളം, പോറോട് തുടങ്ങിയ ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിനൊപ്പം പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ വേണമെന്ന ആവശ്യവും ഉയർന്നു.
