വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (സി ആർ എം ജി) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്.
സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ്സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്.
