മേൽപാല നിർമാണത്തിന് തൂണുകൾ സ്ഥാപിക്കാൻ മണ്ണുമാന്തികൊണ്ട് കുഴിക്കവേ പ്രകൃതി വാതക പൈപ്പ് പൊട്ടി
മേൽപാല നിർമാണത്തിന് തൂണുകൾ സ്ഥാപിക്കാനായി മണ്ണുമാന്തി കൊണ്ട് കുഴിക്കുമ്പോൾ പ്രകൃതി വാതക പൈപ്പ് പൊട്ടിയത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ശ്രീകാര്യം ജംക്‌ഷനു സമീപം ഇളംകുളത്താണ് പ്രകൃതിവാതകം ചോർന്ന് 50 മീറ്ററോളം വ്യാപിച്ചത്.
പ്രകൃതി വാതക കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി വാൽവ് അടച്ചതോടെയാണ് ഗ്യാസ് ഒഴുക്ക് നിലച്ചത്. ശ്രീകാര്യത്തെ മേൽപാല നിർമാണത്തിനു തൂണുകൾ സ്ഥാപിക്കുന്നതിന്റെ ജോലികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി മണ്ണുമാന്തി കൊണ്ട് ചാല് കീറുമ്പോഴാണ് വാതക പൈപ്പിന്റെ ഒരു ഭാഗത്തെ യോജിപ്പ് ഇളകിയത്. തുടർന്ന് വാതകം ഉയരത്തിലേക്ക് പൊങ്ങി സമീപത്ത് പടർന്നു.
മേൽപാല നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉടൻ തന്നെ ശ്രീകാര്യം പൊലീസിലും കഴക്കൂട്ടം അഗ്നിശമന സേനാ വിഭാഗത്തിലും പ്രകൃതി വാതക പൈപ്പ് ലൈൻ കമ്പനിക്കാരെയും വിവരം അറിയിച്ചു. ഗ്യാസ് പടർന്നതോടെ പൊലീസ് സമീപത്തുള്ള ആളുകളെയും കച്ചവട സ്ഥാപനങ്ങളിലുള്ളവരെയും മാറ്റി. അതിനിടയിൽ ഗ്യാസ് പൈപ്പ് കമ്പനിയുടെ ഓപ്പറേറ്റർ എത്തി ഗ്യാസ് വരുന്ന വാൽവ് അടച്ചു.
ഏകദേശം അൻപത് മീറ്റർ ദൂരത്തോളം ഗ്യാസ് പടർന്നു. എൽപിജി ഗ്യാസ് പോലെ അന്തരീഷത്തിൽ പെട്ടെന്ന് പടർന്ന് തീ പിടിത്തം ഉണ്ടാക്കുന്ന വാതകമല്ല പ്രകൃതിവാതകമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് ലീക്കായതിനെ തുടർന്ന് ശ്രീകാര്യത്ത് വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
