പാലോട് ∙ വീടിന്റെ കാർപോർച്ചിൽ കഷണങ്ങളാക്കി സൂക്ഷിച്ച 86 കിലോഗ്രാം ചന്ദനത്തടികളുമായി ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പിടികൂടി. ഒറ്റപ്പാലം നെല്ലായി കൂരിത്തോട് വീട്ടിൽ മുഹമ്മദ് അലി(41), കൊല്ലം കല്ലുവാതുക്കൽ വിളവൂർക്കോണം കോടക്കയം ചരുവിള പുത്തൻവീട്ടിൽ സജീവ്(49) എന്നിവരാണു പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, പള്ളിക്കൽ അബ്ദുൽ ജലീലിന്റെ കാർപോർച്ചിൽ നിന്നാണ് 102 കഷണങ്ങളാക്കി ചാക്കുകളിൽ സൂക്ഷിച്ച ചന്ദനത്തടികൾ പിടിച്ചെടുത്തത്.
അബ്ദുൽ ജലീലിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ബൈക്കിൽ പോകവേ കല്ലുവാതുക്കൽ വച്ചാണു പ്രതികളെ പിടികൂടിയത്. ആയുർവേദ മരുന്നാണെന്നും ഇന്നുതന്നെ എടുക്കുമെന്നും പറഞ്ഞാണു സുഹൃത്തുക്കളായ പ്രതികൾ തന്റെ കാർപോർച്ചിൽ ചാക്കുകൾ വച്ചതെന്ന് അബ്ദുൽ ജലീൽ മൊഴി നൽകി. ഇയാളെ ചോദ്യംചെയ്തു വിട്ടയച്ചു. വീട്ടുടമയ്ക്കു പങ്കുണ്ടോ എന്നും അന്വേഷിക്കും. ഇവർ വലിയ ചന്ദനറാക്കറ്റിലെ അംഗങ്ങളാണെന്നും ഇനിയും പ്രതികളുണ്ടെന്നും വനംവകുപ്പ് പറഞ്ഞു. അഞ്ചൽ റേഞ്ച് പരിധിയിലെ 3 സ്ഥലങ്ങളിൽനിന്ന് ഇവർ സൂക്ഷിച്ച ചന്ദനത്തടികൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
ചന്ദനമരങ്ങൾ നിൽക്കുന്ന വീടുകളിൽ ചെന്ന് തുച്ഛമായ വിലപറയുകയും കൊടുത്തില്ലെങ്കിൽ രാത്രി മോഷ്ടിക്കുന്നതുമാണു രീതിയെന്ന് അധികൃതർ പറഞ്ഞു. വനങ്ങളിൽനിന്ന് മുറിക്കുന്നതടക്കം തടി മലപ്പുറം ലോബിക്കാണു വിൽക്കുന്നത്. അടുത്തിടെ വർക്കലയിൽനിന്ന് ചന്ദനവുമായി പിടികൂടിയ സംഘത്തിന് ഇവരുമായി ബന്ധമുണ്ടെന്നും തെളിഞ്ഞു. പാലോട് റേഞ്ച് ഓഫിസർ വി.വിപിൻചന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജി.സന്തോഷ്കുമാർ, സെഷൻ ഫോറസ്റ്റ് ഓഫിസർ ജെ.സന്തോഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിന്ദു, വി.കെ.ഡോൺ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണു സംഘത്തെ പിടികൂടിയത്.
