പാറശാല∙ജലജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ തകർന്ന റോഡുകൾ പഞ്ചായത്തുകൾക്ക് ബാധ്യതയാകുന്നു. രണ്ട് വർഷം മുൻപ് പൈപ്പിടൽ പൂർത്തിയായിട്ടും നവീകരണം വൈകിയതോടെ പഞ്ചായത്തുകളിലെ ഭൂരിഭാഗം റോഡുകളും തകർന്ന് യാത്രാദുരിതം രൂക്ഷമായിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് വേണ്ടി പഞ്ചായത്തുകൾക്ക് ജലജീവൻ മിഷൻ നൽകിയ തുകയിലെ കുറവ് മൂലം തകർന്ന റോഡുകളുടെ ഇരുപത്തഞ്ച് ശതമാനം ജോലികൾ മാത്രമേ ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 21 വാർഡുകൾ ഉള്ള കുളത്തൂർ പഞ്ചായത്തിനു ആകെ ലഭിച്ചത് നാലു കോടി രൂപ.
1200 മീറ്റർ വരെ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച വാർഡുകളിൽ ടാറിങ്, കോൺക്രീറ്റ് എന്നിവ നടത്തി ഗതാഗത യോഗ്യമാക്കിയത് 400 മീറ്ററിൽ താഴെ മാത്രം. ജനവാസ മേഖലയിലെ പല റോഡുകളും തകർന്ന് ഘടന തന്നെ മാറിയതോടെ അനുവദിക്കപ്പെട്ട തുക കൊണ്ട് നിശ്ചയിച്ച ദൂരം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത സ്ഥിതി ആണ്. മൂന്നു മാസമായി വർധന തുടരുന്ന നിർമാണ സാധന വില മൂലം മുൻപ് 500 മീറ്റർ നിശ്ചയിച്ച വാർഡിൽ 400 മീറ്റർ വരെ മാത്രം പണി നടത്തൽ സാധ്യമാകൂ. ഇട റോഡുകൾ വരെ തകർന്ന് കടുത്ത യാത്രാ ദുരിതം നേരിടുന്ന കാരോട് പഞ്ചായത്തിലെ പത്തൊൻപത് വാർഡുകൾക്കു കൂടി ലഭിച്ചത് രണ്ട് കോടി രൂപ.
അഞ്ഞൂറു മുതൽ ആയിരം മീറ്റർ വരെ നാശോന്മുഖമായ റോഡുകൾ നിലവിലുള്ള വാർഡുകൾക്ക് വിഹിതം ലഭിച്ചത് ആകെ പത്തര ലക്ഷം രൂപ മാത്രം. ഇത് കൊണ്ട് വാർഡുകളിൽ നാനൂറു മീറ്ററോളം ദൂരത്തെ ജോലികൾ മാത്രമേ കഴിയൂ. ഒരാഴ്ച മുൻപ് അയിര വാർഡിലെ ഇട്ടിച്ചിവിള–ഒറ്റപ്ലാവിള റോഡിൽ പനങ്ങോട്ടുകുളത്തിനു സമീപം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വെള്ളം കെട്ടി സമീപത്തെ മതിൽ തകർന്നിട്ടുണ്ട്. 20 വാർഡുള്ള ചെങ്കൽ പഞ്ചായത്തിനു ആകെ ലഭിച്ച അഞ്ചു കോടി രൂപയിൽ പൂർത്തിയായത് ഇരുപത് ശതമാനത്തോളം ദൂരത്തെ നവീകരണം മാത്രം.
25 കോടി രൂപ ആയിരുന്നു തകർന്ന റോഡുകളുടെ നവീകരണത്തിനു ജലജീവൻ മിഷൻ ആദ്യ ഘട്ടത്തിൽ ചെങ്കൽ പഞ്ചായത്തിനു തയാറാക്കിയ എസ്റ്റിമേറ്റ്. 23 വാർഡുള്ള പാറശാല പഞ്ചായത്തിൽ ലഭിച്ച അഞ്ചു കോടി രൂപയിൽ പൂർത്തിയായത് മുപ്പത് ശതമാനം റോഡുകൾ. രണ്ടാം ഗഡു അനുവദിക്കുമെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ലഭിക്കുന്നതിനു സാധ്യത കുറവ് എന്നാണ് വിലയിരുത്തൽ. ഭൂരിഭാഗവും തകർന്നതോടെ വരും വർഷങ്ങളിലെ വികസന പദ്ധതികളിൽ നിന്ന് റോഡ് നവീകരണത്തിനു കൂടുതൽ തുക മാറ്റി വയ്ക്കേണ്ട സാഹചര്യത്തിൽ ആണ് തദ്ദേശ സ്ഥാപനങ്ങൾ.
