തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ കർഷക വിരുദ്ധ സമീപനം മൂലം വറുതിയിലായ കർഷകർ തിരുവോണ നാളിൽ മുഖ്യമന്ത്രിയുടെ വസതിയ്ക്കു് മുമ്പിൽ പട്ടിണിസമരം നടത്തുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് പ്രസ്താവനയിൽ അറിയിച്ചു. കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സർക്കാർ സംഭരിക്കുക, സംഭരിച്ച നെല്ലിൻ്റെ തുക ഉടൻ നൽകുക. പ്രകൃതിക്ഷോഭങ്ങളെ തുടർന്നു നഷ്ടപരിഹാരം നൽകുന്നതിന് കാലതാമസം ഒഴിവാക്കുക.വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗം മൂലം മരണപ്പെട്ടവർക്ക് നിയമാനുസൃതം ലഭിക്കാനുള്ള 24 ലക്ഷം രൂപ നൽകുക. റബ്ബറിൻ്റെ തറവില 250 രൂപയായി പ്രഖ്യാപിക്കുക. ജപ്തി നടപടികൾ നിർത്തിവച്ച്, പ്രകൃതിക്ഷോഭം മൂലവും വന്യമൃഗശല്യം മൂലവും കൃഷി നഷ്ട്ടപ്പെട്ട് കടക്കെണിയിലായ കർഷകൻ്റെ കാർഷീക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവോണ നാളിൽ ക്ളിഫ് ഹൗസിനു മുമ്പിൽ രാവിലെ 8 മണിമുതൽ 3 മണി വരെ പട്ടിണിസമരം നടത്തുന്നതെന്ന് തോംസൺ ലോറൻസ് അറിയിച്ചു.
