ആറ്റിങ്ങൽ : ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ 1500-മത് ജന്മദിനവുമായി ബന്ധപ്പെട്ട് 1500 മാവിൻതൈകൾ നടുന്ന പദ്ധതിക്ക് തുടക്കമായി. കടുവയിൽ ജുമാ-മസ്ജിദ് അങ്കണത്തിൽ മാവിൻതൈ നട്ട് ഡി.കെ.എൽ.എം സംസ്ഥാന പ്രസിഡൻറ് അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും വൃക്ഷത്തൈ നടുന്നത് പ്രകൃതി സംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ എ.എം ഇർഷാദ് ബാഖവി അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി,മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, പരീക്ഷാ വിഭാഗം ജനറൽ കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി, കടുവയിൽ ജുമാ- മസ്ജിദ് ചീഫ് ഇമാം അബൂറബീഹ് സദക്കത്തുള്ള മൗലവി, കടുവയിൽ മുസ്ലിം ജമാ-അത്ത് ജനറൽ സെക്രട്ടറി എ.എം.എ റഹീം, ഡികെഎൽഎം നാവായിക്കുളം മേഖലാ പ്രസിഡന്റ് ജാബിർ ബാഖവി, മുണ്ടക്കയം ഹുസൈൻ മൗലവി, ക്ഷേമനിധി കൺവീനർ വാമനപുരം നിസാർ ബാഖവി തുടങ്ങിയവർ സംസാരിച്ചു. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി 58 മേഖലകളിൽ ഒന്നര ലക്ഷം ഫലവൃക്ഷതൈകൾ നട്ട് പദ്ധതി നടപ്പാക്കുമെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ അറിയിച്ചു.
