ആറ്റിങ്ങൽ :- 304 വർഷം തികഞ്ഞ 1721 ലെ ആറ്റിങ്ങൽ കലാപത്തിന്റെയും 87 വർഷം തികയുന്ന കന്നി 5 ലെ ആറ്റിങ്ങൽ വെടിവെയ്പ്പിന്റെയും സംയുക്ത വാർഷികാചാരണ പരിപാടി ഒക്ടോബർ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽവെച്ച് സമുചിതമായി ആചരിക്കാൻ തീരുമാനിച്ചതായി എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാറും, സെക്രട്ടറി ജെ. ശശിയും അറിയിച്ചു. അടൂർ പ്രകാശ് എം. പി ഉത്ഘാടനം ചെയ്യും. എൻ. പീതാമ്പരകുറുപ്പ് എക്സ് എം. പി ധനസഹായം വിതരണം ചെയ്യും.സ്വാതന്ത്ര്യസമരപോരാട്ടത്തിൽ മരണമടഞ്ഞ ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് രക്തസാക്ഷി മണ്ഡപത്തിൽ ദീപം തെളിക്കും.
മുൻ ജില്ലാ ജഡ്ജിയും പ്രമുഖ അഭിഭാഷകനുമായിരുന്ന ജി. രാജപ്പനാചാരിക്ക് കർമ്മശ്രേഷ്ഠ അവാർഡ് മരണാനന്തര ബഹുമതിയായി കുടുംബത്തിന് കൈമാറും.പാരമ്പര്യ വിഷചികിത്സയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജബ്ബാർ കുടുംബത്തിലെ നാലാം തലമുറകാരനായ ട്രെഡിഷണൽ മെഡിസിനിൽ ഹോണററി ഡോക്ടറേറ്റ് ബിരുദം നൗഷാദ് വൈദ്യർക്കു ലഭിച്ചത് പരിഗണിച്ചു പ്രത്യേക പുരസ്‌കാരം നൽകുന്നതാണ്. അതോടൊപ്പം സാമൂഹ്യ – രാഷ്ട്രീയ – വിദ്യാഭ്യാസ രംഗത്തെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾവിലയിരുത്തി വക്കം സ്വദേശി സുശീല ടീച്ചർക്ക് ആദരവ് നൽകും. ചരിത്ര പുസ്തക രചയിതാവ് ആറ്റിങ്ങൽ മോഹൻലാലിനെയും ആദരിക്കും.
