January 15, 2026

പാലോട്∙ കിലോമീറ്ററിന് ഒരു കോടി ചെലവഴിച്ചു പണി നടക്കുന്ന നന്ദിയോട് മുതുവിള റോഡിൽ അത്യാവശ്യം വേണ്ട സ്ഥലത്തു പോലും ഓടകളും സുരക്ഷാ സംവിധാനങ്ങളും നിർമിക്കാത്തതിൽ  പ്രതിഷേധവുമായി നാട്ടുകാർ. നന്ദിയോട് മുതൽ ചെല്ലഞ്ചി വരെയുള്ള നന്ദിയോട് പ‍ഞ്ചായത്ത് പ്രദേശത്ത് ഒട്ടേറെ സ്ഥലങ്ങൾ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതാണ്. അത്തരം സ്ഥലങ്ങളിൽ പോലും ഓടകളോ സുരക്ഷാ മാർഗങ്ങളോ ഇല്ല. ഓട നിർമിക്കാതെ റോഡ് ഉയർത്തി പണിയുന്നതോടെ പല വീടുകളിലേക്കും വെള്ളം കയറുമെന്നും താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിലേക്ക് മഴവെള്ളപ്പാച്ചിൽ ഉണ്ടാകുമെന്നും റോഡിലെ വെള്ളക്കെട്ട് മാറ്റമുണ്ടാകില്ലെന്നും ആശങ്കയുണ്ട്. 

നന്ദിയോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ബസ് സർവീസ് നടക്കുന്ന റോഡിലാണ് ഇത്തരത്തിൽ പണി നടക്കുന്നത്. മാത്രമല്ല ഉയർത്തി പണിയുമെന്നു പറഞ്ഞ കടുവപ്പാറ പാലം അതേപടി നിലനിർത്തിയാണ് പണി നടക്കുന്നത്. പുതിയ റോഡ് വരുമ്പോൾ പാലം ഉയർത്തിപ്പണിയും എന്ന് പറഞ്ഞെങ്കിലും പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വലിയ പൈപ്പിട്ട് ജില്ലാ പഞ്ചായത്ത് നവീകരിച്ച പാലം താൽക്കാലികമെന്നാണ് അന്ന് പറഞ്ഞത്. ഇവിടെ കനത്ത മഴയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.

ചെല്ലഞ്ചി പാലത്തിനു സമീപത്തെ ഇടുങ്ങിയ റോഡ് പോലും വീതി കൂട്ടാതെ ടാർ ചെയ്യാൻ നോക്കിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വീതികൂട്ടാൻ തീരുമാനിച്ചു. ഗതാഗത പ്രാധാന്യമുള്ളതും വലിയ ജനവാസ മേഖലയിൽ കൂടി പോകുന്നതുമായ ഈ റോഡ് നവീകരിക്കാൻ നേരത്തെ 65 ലക്ഷം കിഫ്ബി ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് അത് മാറ്റി 13.45കോടി കോടിയായി ചുരുക്കി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു റോഡു പണിയിൽ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടം നടക്കുന്നില്ലെന്നും കരാർ കമ്പനിയുടെ രീതിയിലാണ് പണി നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിലെ വർക്കിൽ ഓട ഇല്ലെന്നും അടുത്ത വർക്കിൽ ഓട ഉണ്ടാകുമെന്നുമാണ് കരാർ കമ്പനിക്കാർ പറയുന്നത്. എന്നാൽ ഇനി എന്നാണ് പുതിയ വർക്ക് ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

വേഗ നിയന്ത്രണ സംവിധാനങ്ങൾ വേണം
പാലോട്∙ ടാറിങ് നടക്കുന്ന നന്ദിയോട് പാലുവള്ളി ചെല്ല‍ഞ്ചി റോഡിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന് ആവശ്യം ഉയരുന്നു. കൊടുംവളവുകളും കുത്തിറക്കവും ഒക്കെയുള്ളതും സ്വകാര്യ ബസുകൾ അനവധി ഓടുന്നതുമായ റൂട്ടിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തരം വേഗ നിയന്ത്രണം സംവിധാനങ്ങൾ കൂടിയേ തീരും എന്നും ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *