വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖം സ്വാഭാവിക ആഴക്കൂടുതലുള്ളതാണെന്നറിയിച്ച് ഏറ്റവുമധികം ഡ്രാഫ്ട് കൂടിയ കപ്പൽ കണ്ടെയ്നർ നീക്കം നടത്തി മടങ്ങി. എംഎസ് സി വിർജീനിയ ആണ് തുറമുഖത്ത് ഇന്നലെ അടുത്തത്. 16.95 മീറ്റർ ഡ്രാഫ്ടിൽ റെക്കോർഡു സ്ഥാപിച്ച് സ്പെയിനിലേയ്ക്ക് മടങ്ങിയത്. കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പു വരെയുള്ള ഉയരമാണ് ഡ്രാഫ്ട്. തുറമുഖത്തിന് 19 മുതൽ 20 വരെ മീറ്റർ വരെ ആഴമുണ്ടെങ്കിൽ മാത്രമേ 17 മീറ്റർ വരെ ഡ്രാഫ്ടിൽ കപ്പലിനെ എത്തിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് ഈ ഡ്രാഫ്ടിൽ കപ്പലെത്തുന്ന രണ്ടാമത്തെ തുറമുഖമായി വിഴിഞ്ഞം. ഇതു തുറമുഖത്തിനു മറ്റൊരു ചരിത്ര നേട്ടമായി. ഗുജറാത്തിലെ മുംദ്ര തുറമുഖമാണ് ആദ്യത്തേത്ത്–17 മീറ്റർ ഡ്രാഫ്ട്. മുംദ്ര തുറമുഖത്തിന്റെ ആഴം ഡ്രജിങ്ങിലൂടെയാണ് രൂപപ്പെട്ടത്. എന്നാൽ സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തിന്റെ സവിശേഷത.
