January 15, 2026

പാലോട്∙ പൊൻമുടി – ബ്രൈമൂർ റോപ് വേ പദ്ധതി നടപ്പാക്കാനുള്ള പഠനത്തിന് 50 ലക്ഷം ബജറ്റിൽ വകയിരുത്തി ഒരു വർഷത്തോളമായിട്ടും  പ്രവർത്തനങ്ങൾ ഒരു യോഗത്തിൽ ഒതുങ്ങി. പൊൻമുടിയുമായി ബന്ധപ്പെടുത്തി പെരിങ്ങമ്മല ബ്രൈമൂർ മേഖലയെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പൊൻമുടിയിലേക്കുള്ള പഴയ ബ്രൈമൂർ – പൊൻമുടി കുതിരപ്പാത നവീകരണവും പൊൻമുടി – ബ്രൈമൂർ റോപ് വേയും യാഥാർഥ്യമാക്കി മാറ്റുമെന്ന വാഗ്ദാനം 2016ലെ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പദ്ധതിയിൽ നൽകിയിരുന്നു. മാത്രമല്ല പൊൻമുടി, ബ്രൈമൂർ, മീൻമുട്ടി പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, എണ്ണപ്പന ഗവേഷണ കേന്ദ്രം എന്നിവയെ ബന്ധിപ്പിച്ചു ടൂറിസം പാക്കേജ് നടപ്പിലാക്കുമെന്നും കോവളം, വർക്കല, പൊൻമുടി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം ഹബ്ബും വാഗ്ദാനം നൽകിയിരുന്നു എന്നാൽ രണ്ടാം ഇടതു സർക്കാരിന്റെ കാലാവധി കഴിയാറായിട്ടും ഇതുവരെ ഒരു ചുവടുവയ്പ് പോലും നടത്താൻ സാധിച്ചിട്ടില്ല.ഇതു സംബന്ധിച്ചു ‘മനോരമ’ അനവധി വാർത്ത നൽകിയിരുന്നു

വാർത്തകളെ തുടർന്ന് കഴിഞ്ഞ ബജറ്റിൽ പൊൻമുടി – ബ്രൈമൂർ റോപ് വേ സാധ്യത പഠനത്തിന് 50ലക്ഷം രൂപ അനുവദിച്ചെങ്കിലും അതിന്റെ പഠന പ്രവർത്തനങ്ങളും പുരോഗതി കൈവരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കാൻ പരിസ്ഥിതി  പ്രഖ്യാപനം യാഥാർഥ്യമായാൽ പൊൻമുടി സ്ഥിതി ചെയ്യുന്ന പെരിങ്ങമ്മല പഞ്ചായത്തിനും തൊട്ടുകിടക്കുന്ന വിതുരയ്ക്കും സമീപ പഞ്ചായത്തുകൾക്കും വിനോദ സഞ്ചാര മേഖലയിൽ വികസന കുതിപ്പേകും. മങ്കയം എക്കോ ടൂറിസത്തിലേക്കടക്കം കൂടുതൽ പേർ എത്തിച്ചേരും. 

ബ്രിട്ടിഷ് നിർമിത കുതിരപ്പാത നവീകരിച്ചാൽ സാഹസിക യാത്ര ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാകും. എന്നാൽ റോപ് വേ പഠനത്തിന്റെ ആദ്യ യോഗം നടന്നതായും ഒരു ഹൈ പവർ കമ്മിറ്റി കൂടി തീരുമാനം കൈക്കൊള്ളുമെന്നും എംഎൽഎയുടെ ഓഫിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *