കിളിമാനൂർ∙ പോങ്ങനാട് ജംക്‌ഷനിൽ മടവൂർ റോഡിൽ വഴിയിടത്തിനു ചേർന്നു സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. ഏകദേശം 70 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര കഴിഞ്ഞ ദിവസത്തെ കനത്ത മഴയത്ത് കെട്ടിടത്തിനു ഉള്ളിൽ പതിച്ചു. പൊതുമരാമത്ത് റോഡ് പുറമ്പോക്ക് സ്ഥലത്താണ് അപകടാവസ്ഥയിലായ കെട്ടിടം. 5 വർഷം മുൻപ് കിളിമാനൂർ മടവൂർ റോഡിന്റെ നവീകരണ ജോലികൾ നടന്ന വേളയിൽ റോഡ് പുറമ്പോക്കിലായിരുന്ന കെട്ടിടങ്ങൾ ഇടിച്ചു നിരത്തി വസ്തുക്കൾ റോഡ് വികസനത്തിനു ഏറ്റെടുത്തിരുന്നു.
അന്നത്തെ പഞ്ചായത്ത് ഭരണസമിതിക്ക് താൽപര്യം ഇല്ലാത്തവരുടെ വസ്തുക്കളും കെട്ടിടങ്ങളുമാണ് തിരിച്ചെടുത്ത് റോഡ് വികസനത്തിനു ഉപയോഗിച്ചത്. പോങ്ങനാട് ഇപ്പോൾ അപകടാവസ്ഥയിലായ കെട്ടിടത്തിലെ ഒരു മുറിയിൽ സിപിഎം പാർട്ടി ഓഫിസ് പ്രവർത്തിച്ചിരുന്നതിനാൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതിനു എതിരായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കിളിമാനൂർ പഞ്ചായത്ത് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനു കത്ത് നൽകിയതായി പ്രസിഡന്റ് പോങ്ങനാട് ജി.രാധാകൃഷ്ണൻ അറിയിച്ചു.
