കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ ആലുങ്കുഴി–കരിയംകോട് റോഡ് തകർന്ന് തരിപ്പണമായി. റോഡ് മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടു പതിറ്റാണ്ടുകളായി. പൊന്നെടുത്തകുഴി വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിയ്ക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.റോഡിന്റെ 3 കിലോമീറ്ററോളം ദൂരം കാൽനട യാത്ര പോലും അസാധ്യമാണ്. രണ്ടു പതിറ്റാണ്ടോളമായി റോഡ് നവീകരണം നടന്നിട്ടെന്നു നാട്ടുകാർ പറഞ്ഞു.
കീഴ്ക്കാംതൂക്കായി കിടക്കുന്ന റോഡിൽ ടാറിന്റെ അംശം പോലുമില്ല.കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. അൻപതോളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നു. സ്കൂൾ ബസോ ഓട്ടോറിക്ഷയോ പോലും ഇതുവഴി വരാൻ കഴിയാത്ത സ്ഥിതിയിൽ തകർന്ന് തരിപ്പണമായി. ഇരുചക്ര വാഹനക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. റോഡിന്റെ പല ഭാഗത്തും മെറ്റലുകൾ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികർ തെന്നി വീഴുക പതിവെന്ന് നാട്ടുകാർ പറഞ്ഞു.
റോഡിന്റെ ഒരു വശം അഗാധമായ കുഴിയാണ്. വാഹനയാത്രികർ പലപ്പോഴും തെന്നി വീഴുന്നത് ഈ കുഴിയിലേയ്ക്കാണ്. പട്ടിക വിഭാഗക്കാർ താമസിക്കുന്ന നഗറും ആരാധനാലയവും സ്ഥിതിചെയ്യുന്നത് ഈ റോഡിന്റെ വശത്താണ്. ഇവിടേക്കുള്ള യാത്ര ഏറെ ദുഷ്ക്കരമായിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി. റോഡിൽ പാർശ്വ ഭിത്തിയും ഓടയും നിർമിച്ച് ടാർ ചെയ്താൽ മാത്രമെ റോഡ് സഞ്ചാര യോഗ്യമാക്കാൻ സാധിക്കു. അനവധി പരാതികൾ നൽകിയിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ഇല്ല.അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
