തിരുവനന്തപുരം ∙ സംസ്ഥാന കമ്മിറ്റി ഓഫിസുകൾ സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലർ മറ്റൊരു മുന്നണിയുടെ പ്രതിനിധി എന്നതാണ് സിപിഎം, കോൺഗ്രസ്, ബിജെപി എന്നീ പ്രധാന കക്ഷികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ട പ്രതിസന്ധി. എന്നാൽ, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് കുന്നുകുഴി വാർഡിലെ എകെജി സെന്ററിൽ നിന്ന് റോഡിനപ്പുറത്ത് പാളയം വാർഡിലെ പുതിയ ഓഫിസിലേക്കു മാറിയതോടെ അവരുടെ പ്രശ്നത്തിനു താൽക്കാലികമായി പരിഹാരമായി. സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായ എംഎൻ സ്മാരകം സ്ഥിതി ചെയ്യുന്ന തൈക്കാട് വാർഡിലും നിലവിൽ എൽഡിഎഫ് പ്രതിനിധിയാണ്.
∙ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവൻ സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കയ്യിൽ നിന്ന് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 2010– 2015 ൽ കോൺഗ്രസ് അംഗമായിരുന്നു ഇവിടുത്തെ പ്രതിനിധി. 2015ൽ സിപിഎമ്മും 2020ൽ ബിജെപിയും വാർഡ് കൈക്കലാക്കുകയായിരുന്നു.
∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായിരുന്ന, ഇപ്പോഴത്തെ എകെജി പഠന ഗവേഷണ കേന്ദ്രം (പഴയ എകെജി സെന്റർ) സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡ് സിപിഎമ്മിന്റെ കോളജ് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിനെ 469 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ പത്താമുദയ ദിവസം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പാളയം വാർഡിലാണ്. പാളയത്ത് എൽഡിഎഫ് ഘടക കക്ഷിയായ കോൺഗ്രസ് (എസ്) പ്രതിനിധിയാണ് നിലവിലെ കൗൺസിലർ.
∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന തമ്പാനൂർ വാർഡിനെ ബിജെപി അംഗം ഒരിക്കലും കൗൺസിലിൽ പ്രതിനിധീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐ പ്രതിനിധിയാണ് തമ്പാനൂരിലെ കൗൺസിലർ. ബിജെപിയുടെ പുതിയ ജില്ലാ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന തൈക്കാട് വാർഡും ബിജെപിയുടെ കയ്യിലല്ല.
