തിരുവനന്തപുരം ∙ ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയുമുൾപ്പെടെ 4 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) കത്ത് നൽകി. പദ്ധതിയുടെ കരാർ നടപടികൾക്കുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 193 കോടി രൂപ റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയിൽ ഇതുവരെ ഭൂമി കൈമാറുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല.
റെയിൽ പാതയ്ക്കായുള്ള ഭൂമിയിൽ ഒൗട്ടർ റിങ് റോഡ് അലൈൻമെന്റ് കടന്നു പോകുന്നതിനാൽ അത് ഒഴിവാക്കി ബാക്കി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർ നടപടി ഇഴയുകയാണ്. പാതയുടെ ഡിപിആർ 2022ൽ കൊങ്കൺ റെയിൽവേ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വീഴ്ച മൂലമാണു ഇതുവരെ പണിയൊന്നും ചെയ്യാനില്ലാതെ കൊങ്കൺ റെയിൽവേ കെട്ടിടവാടകയും ഉദ്യോഗസ്ഥർക്കു ശമ്പളവും നൽകി വരുന്നത്. 10.76 കിലോമീറ്ററാണ് വിഴിഞ്ഞം – ബാലരാമപുരം റെയിൽപാത .
വിഴിഞ്ഞം പാതയ്ക്കും നേമം– നെയ്യാറ്റിൻകര റെയിൽ പാത ഇരട്ടിപ്പിക്കലിനും 2022 ഓഗസ്റ്റിലും നവംബറിലുമായി ചെറിയ ഇടവേളയിലാണ് ഭൂമിയേറ്റെടുക്കാനുള്ള 2 വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത ഇരട്ടിപ്പിക്കലിൽ പണി തുടങ്ങിയിട്ടും വിഴിഞ്ഞം പാതയ്ക്കായി ഉടമകളിൽ നിന്ന് ഭൂമിയുടെ രേഖകൾ പോലും ശേഖരിച്ചിട്ടില്ലെന്നു വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി ആക്‌ഷൻ കൗൺസിൽ കൺവീനർ ആർ.ജി.അശോക് കുമാർ പറഞ്ഞു. കലകട്റേറ്റിൽ പ്രവർത്തിക്കുന്ന ലാൻഡ് അക്വിസിഷൻ യൂണിറ്റ് അടിയന്തരമായി നേമത്തേക്കു മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
