അഞ്ചുതെങ്ങ്. ജംഗ്ഷനിൽ നിന്നും കടയ്ക്കാവൂര് പോകുന്ന റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള ഓട അടഞ്ഞു പോയതിനെ തുടർന്ന് മഴപെയ്താൽ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ഇട റോഡ് വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. തൊട്ടടുത്ത വീടുകളിലും വെള്ളം കയറുന്ന ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ പെട്രോൾ പമ്പിന് സമീപം ഒരു കലിങ്ങും വെള്ളം ഒലിച്ച് പോകുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും പരിസരപ്രദേശത്തുനിന്നും ഒഴുകിവരുന്ന മഴ വെള്ളം കലുങ്കിൽ എത്താൻ വഴിയില്ലാതെ ഇടറോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയാണ് ഇന്നുള്ളത്. വർഷങ്ങൾക്കു മുന്നേ ഈ കലുങ്ക് പുതുക്കി പണിയണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിരുന്നു. ഈ ഇട റോഡിന്റെ തുടക്കത്തിലുള്ള ഓടയും സ്ലാബും ഇടിഞ്ഞു താഴ്ന്നതു മൂലമാണ് മഴക്കാലങ്ങളിൽ ഈ പ്രദേശം വെള്ളക്കെട്ടായി മാറുന്നത്.
50 മീറ്റർ താഴെ വരുന്ന ഈ ഭാഗത്തെ ഓട തുറന്നുകൊടുത്താൽ ഈ ബുദ്ധിമുട്ടിൽ നിന്നും നാട്ടുകാർ രക്ഷപ്പെടും. ഈ വിഷയത്തിൽ അടിയന്തരമായി മന്ത്രിയിൽ നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു നിയുക്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം
എസ്. പ്രവീൺ ചന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി
