തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെക്കേ ഇന്ത്യയിലെ ഏജന്റാണ് പിണറായി വിജയനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മെഡിസെപ്പിനെതിരേ നടന്ന വായ്‌മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടക സർക്കാരിനെതിരേയുള്ള പിണറായി വിജയന്റെ ശബ്ദം നരേന്ദ്രമോദിയെ സുഖിപ്പിക്കാൻ ഉള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാരിനെതിരേ പ്രതിഷേധിക്കാൻ ഇടതു സർവീസ് സംഘടനകൾക്ക് കഴിയാത്തത് അവർ റീലുകളുടെ ലോകത്തായതുകൊണ്ടാണെന്നും കെ.മുരളീധരൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്. ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.ഗോപകുമാർ, ട്രഷറർ ഡോ. ആർ. രാജേഷ്, സംസ്ഥാന നേതാക്കളായ എസ്.ബിനോജ്, എസ്.നൗഷാദ്, ഡോ. ജി.പി.പത്മകുമാർ, ആർ.വിനോദ് കുമാർ, ജില്ലാ പ്രസിഡന്റുമാരായ എ.നിസാമുദ്ദീൻ, യു.ഉന്മേഷ് തുടങ്ങിയവർ സംസാരിച്ചു.
