തിരുവനന്തപുരം∙ ശാസ്തമംഗലത്തെ കോർപറേഷൻ വക കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയാൻ തയാറല്ലെന്ന നിലപാട് ആവർത്തിച്ച് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത്. വാടക കുറഞ്ഞെന്നു തോന്നുന്നുണ്ടെങ്കിൽ, കൂട്ടുന്ന വാടക കൊടുക്കാൻ തയാറാണെന്നു പ്രശാന്ത് വ്യക്തമാക്കി. ശാസ്തമംഗലം കൗൺസിലർ ആർ.ശ്രീലേഖ തന്റെ ഓഫിസ് വിപുലീകരിക്കുന്നതിനായി ഇതേ കെട്ടിടത്തിലെ എംഎൽഎ ഓഫിസ് ഒഴിയണമെന്നു പ്രശാന്തിനോട് ആവശ്യപ്പെട്ടതോടെയാണു വിവാദത്തിനു തുടക്കം.
നിയമസഭാ കാലാവധി തീരുംവരെ തുടരാൻ പ്രശാന്തിനു കൗൺസിൽ യോഗം അനുമതി നൽകിയിട്ടുണ്ടെങ്കിലും, പുതിയ കൗൺസിലിന് ഈ തീരുമാനം റദ്ദാക്കാൻ കഴിയും. എന്നാൽ അതിനു മുതിരുന്നില്ലെന്ന സൂചനയാണു മേയർ വി.വി.രാജേഷ് നൽകുന്നത്. ഭരണം കിട്ടിയ ഉടൻ രാഷ്ട്രീയവിവാദത്തിലേക്കു ഭരണസമിതിയെ വലിച്ചിട്ട ശ്രീലേഖയുടെ നടപടിയിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്. ഇതിനിടെ, പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലേക്കു മാറണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കൗൺസിലർമാർക്ക് ഇരിക്കാൻ കൊച്ചുമുറിയെങ്കിലും വേണ്ടേയെന്നും പ്രശാന്തിന് എംഎൽഎ ഹോസ്റ്റൽ ഉപയോഗിച്ചുകൂടേയെന്നും കെ.മുരളീധരൻ ചോദിച്ചു.
ജനം എപ്പോഴും കൗൺസിലറെയാണ് അന്വേഷിക്കുകയെന്നും എംഎൽഎയെ അല്ലെന്നും മുരളി പറഞ്ഞു. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലേക്കു മാറി വിഷയം തീർക്കണമെന്നു കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരീനാഥൻ ആവശ്യപ്പെട്ടു. പ്രശാന്ത് നൽകുന്ന 800 രൂപ വളരെ കുറഞ്ഞ വാടകയാണ്. എംഎൽഎ ഹോസ്റ്റലിൽ 2 മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും ആ സൗകര്യമാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും ശബരീനാഥൻ പറഞ്ഞു. കെ.മുരളീധരൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് അനുകൂലമായി പക്ഷം പിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ബിജെപിക്കു കുട പിടിക്കുന്നയാളായി ശബരീനാഥൻ ഉൾപ്പെടെ മാറിയെന്നു വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു.
അരുവിക്കരയിൽ എംഎൽഎ ആയിരുന്ന ശബരീനാഥൻ എംഎൽഎ ഹോസ്റ്റലിൽ ഇരുന്നാണോ മണ്ഡലത്തിലുള്ളവരെ കണ്ടിരുന്നത്? എംഎൽഎ ഹോസ്റ്റലിലെ തന്റെ മുറിയിൽ തന്റെ അതിഥികൾക്കും മന്ത്രിമാരുടെ സ്റ്റാഫിനുമെല്ലാം താൻ അനുവദിച്ചാൽ താമസിക്കാം. കോൺഗ്രസ് എംഎൽഎമാരുൾപ്പെടെ അതു ചെയ്യുന്നുണ്ടെന്നും പ്രശാന്ത് പറഞ്ഞു. എംഎൽഎമാർക്ക് 25,000 രൂപ വാടക അലവൻസ് ഉണ്ടെന്നു ചിലർ വിടുവായത്തം വിളമ്പുകയാണെന്ന് ആന്റണി രാജു എംഎൽഎയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി പച്ചക്കള്ളം പടച്ചുവിടുകയാണെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ആരോപിച്ചു. ഇതിനിടെ, വലിയ വാടക കൈപ്പറ്റി, കുറഞ്ഞ തുക വാടക നൽകി ഓഫിസ് പ്രവർത്തിപ്പിക്കുന്നെന്ന ഒരു പരാതി വി.കെ.പ്രശാന്തിനെതിരെ സ്പീക്കർക്കു ലഭിച്ചു.
വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫിസ് കെട്ടിട വിവാദത്തിൽ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയെ വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. അനുഭവസമ്പത്തുള്ള ഒരാളിൽനിന്ന് വളരെ അപക്വമായ പെരുമാറ്റമാണ് ഉണ്ടായത്. കോർപറേഷന് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് ഓഫിസ് ഒഴിയാൻ പ്രശാന്തിനോട് വേണമെങ്കിൽ ആവശ്യപ്പെടാം. പക്ഷേ ഒരു കൗൺസിലർക്ക് അതിന് അധികാരമില്ല . പ്രോട്ടോക്കോളിൽ കൗൺസിലറെക്കാൾ മുകളിലാണ് എംഎൽഎ . ജനങ്ങൾക്ക് എംഎൽഎ ഹോസ്റ്റലിൽ വരുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് പ്രശാന്ത് ഈ ഓഫിസ് ഉപയോഗിച്ചതെന്നും മാന്യമായി പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഈ നിലയിൽ എത്തിച്ചതെന്നും സ്പീക്കർ പറഞ്ഞു.
