ആറ്റിങ്ങൽ : ശിവലിംഗം മടിയിൽവെച്ച് ധ്യാനനിരതനായിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ അപൂർവ ചിത്രം ശിവഗിരിമഠത്തിന് സമർപ്പിച്ചു. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് കൊളാഷാണ് ഗുരുവിനെക്കുറിച്ചുള്ള ഈ അപൂർവ സങ്കല്പം വർണങ്ങളിൽ ആവാഹിച്ചിരിക്കുന്നത്. ഗുരുവിന്റെ കൃതിയായ ശിവശതകത്തെ ആധാരമാക്കിയാണ് ചിത്രരചന.
ഭൗതികതയും ആധ്യാത്മികതയും തമ്മിൽ ഗുരുമനസ്സിലുണ്ടായ ഏറ്റുമുട്ടൽ വായിച്ചെടുക്കാൻ കഴിയുന്ന കൃതിയാണ് ശിവശതകം.
ശിവശതകത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവിന്റെ ശിവധ്യാനം എങ്ങനെ ആയിരിക്കുമെന്ന അന്വേഷണമാണ് ഈ ചിത്രം. നദിയിൽനിന്നും മുങ്ങിയെടുത്ത ശിലയെ മടിയിൽവെച്ച് ഏറെനേരം ധ്യാനനിരതനായി ഇരുന്നതിനുശേഷമാണ് ഗുരു അരുവിപ്പുറത്തെ പ്രതിഷ്ഠ നിർവഹിച്ചതെന്നാണ് ചരിത്രം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠയും ഈ ചിത്രത്തിൽ ഇഴചേരുന്നുണ്ട്.
അർധനഗ്നനായി വെള്ളമുണ്ടുടുത്ത് കൈവെള്ളയിൽ ശിവലിംഗവും വെച്ച് ശാന്തസ്വരൂപനായിരിക്കുന്ന ഗുരുവാണ് ചിത്രത്തിൽ. പിന്നിൽ മഞ്ഞുമൂടിയ മലനിര ഹിമവാനെ അനുസ്മരിപ്പിക്കും.
ഹിമവാനേക്കാൾ തലപ്പൊക്കമുണ്ട് ചിത്രത്തിലെ ഗുരുവിന്. വ്യാഖ്യാനങ്ങൾക്കപ്പുറമായ ഗുരുമനസ്സിന്റെ വിശാലതയും ശാന്തതയും ചിത്രത്തിലെ നീലാകാശം പകർത്തിവെച്ചിട്ടുണ്ട്.
ശിവഗിരി തീർഥാടനസമ്മേളന വേദിയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് ചിത്രകാരൻ സുരേഷ് കൊളാഷ് ചിത്രം സമർപ്പിച്ചു.
1721-ലെ ആറ്റിങ്ങൽ കലാപത്തിന്റെ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ രചിച്ചിട്ടുള്ളയാളാണ് സുരേഷ് കൊളാഷ്.
