തിരുവനന്തപുരത്ത് ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു. ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ ജെ തംറൂഖ്, മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് എം ബഷറുള്ള ഉൾപ്പെടെയുള്ള 30 ഓളം പ്രവർത്തകരാണ് മുസ്ലിം ലീഗിൽ ചേർന്നത്.പുതുതായി പാർട്ടിയിലെത്തിയവർക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മെമ്പർഷിപ് നൽകി സ്വീകരിച്ചു. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂലനിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നതെന്ന് നേതാക്കൾ പറഞ്ഞു.
മുൻ ജില്ലാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്സണൽ സ്റ്റാഫും ആയിരുന്ന ബുഹാരി മന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, ജില്ലാ സെക്രട്ടറി താജുദീൻ, നാഷണൽ വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന നജുമുന്നിസ, ജില്ലാ ജനറൽ സെക്രട്ടറി വി എസ് സുമ, നാഷണൽ ദളിത് ലീഗ് പ്രസിഡന്റായിരുന്ന കാച്ചാണി അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നത്.
