തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ സ്ഥാനാർത്ഥിത്വ സൂക്ഷ്മപരിശോധന നടക്കവെ സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പോലീസ് കള്ളക്കേസ് എടുക്കുന്നതായി ഡി.ജി.പിക്ക് പരാതി നൽകി.
കണ്ണമ്മൂല വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനും തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീണുമാണ് പരാതി നൽകിയത്.
റിട്ടേണിംഗ് ഓഫീസറുടെ മുറിക്കു മുന്നിലിട്ട്
നിരവധി സ്ഥാനാർത്ഥികളുടെയും
ഇരുനൂറോളം പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലാണ് വഞ്ചിയൂർ വാർഡിലെ സ്ഥാനാർത്ഥിയായിരുന്ന പി.ശങ്കരൻ കുട്ടി നായരുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദനം അഴിച്ചുവിട്ടത്.
പ്രസ് ക്ലബ് കേന്ദ്രീകരിച്ച് തനിക്കെതിരെ വാർത്ത സൃഷ്ടിക്കുന്നു എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മർദ്ദനം.
എന്നാൽ ശങ്കരൻ കുട്ടി നായരെ മർദ്ദിച്ചെന്ന് കാണിച്ച് പാറ്റൂർ രാധാകൃഷ്ണൻ , പി.ആർ.പ്രവീൺ എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ടെന്ന് മ്യൂസിയം എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയായിരുന്നു.
വാദിയെ പ്രതിയാക്കുന്ന ഈ നീതിരഹിത നീക്കത്തിനെതിരെ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഡി.ജി.പിയെ സമീപിച്ചത്.
