തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ വീണ്ടും രംഗത്ത്. മേയർസ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവർ പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാൻ വിസമ്മതിച്ചതാണെന്നും അവർ പറയുന്നു.
നേരത്തെയും മേയർ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ അധികാരമേൽക്കൽ ചടങ്ങ് പൂർത്തിയാകും മുൻപ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേൽക്കുന്നതിനിടയിലാണ് ശ്രീലേഖ ഇറങ്ങിപോയത്.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചത്. ആർ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പാർടിക്കുള്ളിലെ കടുത്ത എതിർപ്പിനെത്തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ആർഎസ്എസ് വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വി വി രാജേഷിന് നറുക്കുവീണത്.
ശ്രീലേഖയെ അനുനയിപ്പിക്കാൻ നിയമസഭാ സീറ്റുൾപ്പടെ വമ്പൻ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിരുന്നത്. കേന്ദ്ര തലത്തിൽ പദവി ഉറപ്പുനൽകാനും നീക്കങ്ങളുണ്ടായിരുന്നു
