ബാലരാമപുരം : അമിതവേഗത്തിലെത്തിയ കാറും പിക്കപ്പ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബാലരാമപുരം-വിഴിഞ്ഞം റോഡിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്നു വരികയായിരുന്ന കാർ എതിർദിശയിൽനിന്നു വരികയായിരുന്ന പച്ചക്കറി കയറ്റി വന്ന പിക്കപ്പ് ഓട്ടോയിലിടിച്ചു. കാർ നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കാർ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തിരക്കു കുറവായതു കാരണം വലിയ അപകടമുണ്ടായില്ല. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബാലരാമപുരം പോലീസ് കേസെടുത്തു.
