നേമം : കരമന-കളിയിക്കാവിള പാതയിൽ വെള്ളായണിയിൽ സിഗ്നൽ ലൈറ്റ് തെളിയാതെയായിട്ട് ഒരുമാസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പ്രാവച്ചമ്പലത്തും നേമത്തും പതിവായി സിഗ്നലുകൾ തെളിയുന്നില്ലെന്നും പരാതിയുണ്ട്. ഇതുകാരണം അപകടഭീതിയിലാണ് യാത്രക്കാർ. തിരക്കുള്ള രാവിലെയും വൈകുന്നേരത്തും കാൽനടയാത്രക്കാർ വലയുകയാണ്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ തോന്നുംപടിയായി വാഹനങ്ങൾ നീങ്ങുന്നത് അപകടഭീഷണിയാവുകയാണ്.
വെള്ളായണിയിൽനിന്നും വാഹനങ്ങൾ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കാമൂല, കല്ലിയൂർ ഭാഗങ്ങളിലേക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നൽ കത്താതെയായത്. ഇതുകാരണം നിരവധി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഒരേസമയം വാഹനങ്ങൾ ഒരുമിച്ചെത്തുകയും തോന്നുംപോലെ തിരിയുകയും ചെയ്യുന്നത് അപകടങ്ങൾക്കു കാരണമാകുന്നു.
പ്രാവച്ചമ്പലം ജങ്ഷനിലും സിഗ്നൽ തെളിയാതെയായിട്ട് ഒരുമാസത്തോളമായതായി നാട്ടുകാർ പരാതിപ്പെടുന്നു. നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിച്ചേരുന്ന ജങ്ഷനാണ് പ്രാവച്ചമ്പലം.
മുൻപ് പലതവണ അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ള പാതയാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്. പാപ്പനംകോട് ജങ്ഷനിലെ സിഗ്നൽ ഒരു നൂലിഴപോലെയാണ് തെളിയുന്നത്. ഇതുകാരണം മലയിൻകീഴ് റോഡിൽനിന്നുംവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാകുന്നു. സിഗ്നൽ തെളിയാതെയായിട്ടും ട്രാഫിക് പോലീസിനെ പലയിടത്തും നിയോഗിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സുരക്ഷാസംവിധാനങ്ങളുടെ വീഴ്ചയും അശ്രദ്ധയും അമിതവേഗതയുമൊക്കെ അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു.
മുമ്പ് കാരയ്ക്കാമണ്ഡപത്ത് സിഗ്നൽ തെളിയാത്തതുകാരണം റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ വാഹനമിടിച്ച് മരിച്ചിട്ടുണ്ട്.
കെൽട്രോണിനു കൊടുക്കാനുള്ള പണം നൽകാത്തതുകാരണമാണ് സിഗ്നലുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിനു കാരണമെന്ന ആക്ഷേപവുമുണ്ട്. പോലീസ് ജനമൈത്രി യോഗത്തിൽ, സിഗ്നൽ തെളിയാത്തതുകാരണമുണ്ടാകുന്ന അപകടഭീഷണിയെക്കുറിച്ച് അറിയിച്ചിരുന്നതായി നേമത്തെ റെസിഡെൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻസിന്റെ പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ പറഞ്ഞു. മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത വിളക്കുകളും ചില ഭാഗങ്ങളിൽ എല്ലാ ദിവസവും തെളിയുന്നില്ല.
