മലയിൻകീഴ് : നാല്പതുദിവസത്തിലേറെയായി മലയിൻകീഴ് പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ നിർമാണം നിലച്ചിട്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് നിർമാണപ്രവർത്തനം നിർത്തിയത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പഞ്ചായത്തോഫീസിന്റെ നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. മാസങ്ങൾക്കകം നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനത്തിലാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നിലവിലുണ്ടായിരുന്ന ഓഫീസ് കെട്ടിടം പൊളിച്ച് പഞ്ചായത്തോഫീസ് വാടകക്കെട്ടിടത്തിലേക്കു മാറ്റിയത്.
പ്രതിമാസം അറുപതിനായിരം രൂപ വാടകയും കൂടാതെ പതിനായിരത്തിലധികം രൂപ വൈദ്യുതി ചാർജുമുൾപ്പെടെ അധികമായി നൽകിയാണ് ഓഫീസിപ്പോൾ വാടകയ്ക്ക് പ്രവർത്തിക്കുന്നത്. 4.10 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമാണച്ചെലവ്. 2028 വരെയാണ് നിർമാണ കാലാവധി. വായ്പത്തുകയുടെ 150 ശതമാനം അധികമൂല്യമുള്ള വസ്തുവാണ് വായ്പയ്ക്ക് ഈടായി നൽകിയിട്ടുള്ളത്. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നും വായ്പാ തിരിച്ചടവ് പ്രതീക്ഷിച്ചാണ് കേരള നഗര, ഗ്രാമവികസന ധനകാര്യ കോർപ്പറേഷനിൽനിന്നും മൂന്നുകോടി രൂപ വായ്പയെടുക്കുന്നത്. പത്തുവർഷമാണ് തിരിച്ചടവ് കാലാവധി. 2025 ജൂൺമാസം 11-ാം തീയതി ചേർന്ന കെയുആർഡിഎഫ്‌സിയുടെ ഡയറക്ടർ ബോർഡ് യോഗം വായ്പ അനുവദിച്ചെങ്കിലും കെട്ടിടനിർമാണത്തിന് പണം കൈമാറിയിട്ടില്ല.
ഒരു വർഷത്തോളമായി നടക്കുന്ന നിർമാണത്തിന് പഞ്ചായത്ത് തനതുഫണ്ടിൽനിന്ന് 85 ലക്ഷം രൂപ ചെലവിട്ടുകഴിഞ്ഞു. നിർമാണത്തിനാവശ്യമായ കമ്പി കിട്ടാത്തതാണ് പണി മുടങ്ങിയതിനു കാരണമായി കമ്പനി പറയുന്നത്. ഒന്നരക്കോടി രൂപ തനതുഫണ്ടും രണ്ടുകോടി രൂപ പദ്ധതിവിഹിതവും ലഭിക്കുന്ന മലയിൻകീഴ് പഞ്ചായത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമാണച്ചെലവും വായ്പയും വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി.
വായ്പാതിരിച്ചടവ് വരുംവർഷങ്ങളിൽ പഞ്ചായത്തിന്റെ വികസനപദ്ധതികളെക്കൂടി സാരമായി ബാധിക്കുമെന്നും അവർ കണക്കാക്കുന്നു.
