January 15, 2026

ആറ്റിങ്ങൽ : ഗവ. നഴ്‌സറി സ്കൂൾ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്നുള്ള 76 ലക്ഷം രൂപ ചെലവിട്ട് രണ്ട് ക്ലാസ്‌ മുറി, ഹാൾ, ശൗചാലയം എന്നിവ ഉൾപ്പെടുന്ന ഇരുനില മന്ദിരമാണ് നിർമിച്ചിട്ടുള്ളത്. ആറ്റിങ്ങൽ അയിലം റോഡിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനോടുചേർന്നാണ് ഗവ. മോഡൽ നഴ്‌സറി സ്കൂൾ പ്രവർത്തിക്കുന്നത്.

രണ്ട് പഴയ കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് സ്കൂളിന് പുതിയ മന്ദിരം വേണമെന്ന് ആവശ്യമുയർന്നു. രക്ഷിതാക്കളും പൊതുപ്രവർത്തകരും നിവേദനങ്ങൾ സമർപ്പിച്ചു. തുടർന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തി സ്കൂളിന്റെ അവസ്ഥ മനസ്സിലാക്കി.

2022 ജൂണിൽ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്ന് 56.5 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്തുവകുപ്പിന്റെ കെട്ടിടനിർമാണ വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. 2023 ഏപ്രിൽ നാലിന് നിർമാണം തുടങ്ങി. രണ്ടുനിലകളിലായി ആസൂത്രണംചെയ്ത കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തിയാക്കുകയും ഒന്നാംനില കെട്ടിവാർക്കുകയും ചെയ്തതോടെ അനുവദിച്ച പണം തീർന്നു. അതോടെ പണി നിലച്ചു. കരാറുകാരൻ പിൻവാങ്ങി.

ഒന്നാംനിലയിലെ പ്ലാസ്റ്ററിങ് ഉൾപ്പെടെയുള്ള പണികൾ നടത്താതെ കെട്ടിടം നോക്കുകുത്തിയായി. കെട്ടിടം പൂർത്തിയാക്കാനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.എസ്.അംബിക എംഎൽഎ പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിച്ചു. തുടർന്ന് അധികൃതർ കെട്ടിടം പരിശോധിക്കുകയും നിർമാണം പൂർത്തിയാക്കാൻ 2025 മാർച്ച് 18-ന് 19.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്കുകയും ചെയ്തു. പണമനുവദിച്ചിട്ടും നടപടികൾ നീണ്ടുപോയി. ഈ അധ്യയനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാകുമെന്ന് അധികൃതർ പ്രതീക്ഷവെച്ചിരുന്നെങ്കിലും നടന്നില്ല. പ്ലാസ്റ്ററിങ്, പ്ലംബിങ്, വയറിങ്, വാതിലുകളും ജനാലകളും സ്ഥാപിക്കൽ, പടിക്കെട്ടിൽ വേലി സ്ഥാപിക്കൽ, പെയിന്റിങ് എന്നീ ജോലികളാണ് അവശേഷിച്ചിരുന്നത്. ഇപ്പോൾ മുഴുവൻ പണികളും പൂർത്തിയായിട്ടുണ്ട്. എൽകെജി, യുകെജി ക്ലാസുകളിലായി അൻപതിലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്. ഓഫീസും ക്ലാസ് മുറികളുമെല്ലാം ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുന്നതോടെ സ്കൂളിനാവശ്യമായ സ്ഥലസൗകര്യമുണ്ടാകും. നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *