ശ്രീകാര്യം : സ്കൂളിനു സമീപത്തെ റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനിക്കു സമീപത്തെ വീട്ടിലെ വളർത്തുനായകളുടെ കടിയേറ്റ് ഗുരുതര പരിക്ക്. മൺവിള കുരിശടി വലിയപറമ്പിൽവീട്ടിൽ മനോജിന്റെ മകൾ അന്ന മറിയ മനോജി(17)നെയാണ് നായകൾ ആക്രമിച്ചത്. പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂളിന് നൂറ്് മീറ്റർ സമീപത്ത് പോങ്ങുംമൂട് ബാപ്പുജി നഗറിനു സമീപമായിരുന്നു സംഭവം. വേട്ടയ്ക്കുപയോഗിക്കുന്ന ബെൽജിയൻ മാലിനോയ്സ് വിഭാഗത്തിൽപ്പെട്ട നായകളെയാണ് വീട്ടിൽ വളർത്തിയിരുന്നത്. വീടിനുള്ളിൽ നിൽക്കുകയായിരുന്ന നായകൾ പെട്ടെന്ന് റോഡിലേക്കോടിവന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. താഴെവീണ കുട്ടിയുടെ കാലിലെ മാംസമുൾപ്പെടെ നായകൾ കടിച്ചെടുത്തു. നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതിനൽകി. നായകളുടെ ഉടമ പോങ്ങുംമൂട് ബാപ്പുജി നഗർ സ്വദേശി കബീറിനെതിരേ ശ്രീകാര്യം പോലീസ് കേസെടുത്തു.
