തിരുവനന്തപുരം : സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ മാത്രം. വാർഡ് വിഭജനത്തെത്തുടർന്ന് രാഷ്ട്രീയ ഭൂപടം അടിമുടി മാറിയ വിഴിഞ്ഞത്ത് മൂന്ന് മുന്നണികളുടേതുൾപ്പെടെ ഒൻപത് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. കഴിഞ്ഞ രണ്ടുതവണയായി എൽഡിഎഫ് കൈവശം വെച്ചിരിക്കുന്ന വാർഡ് പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം.
കോർപ്പറേഷനിൽ ഭരണത്തിലേറിയതിന്റെ പശ്ചാത്തലത്തിൽ, വിഴിഞ്ഞത്തും മാറ്റംവരുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയുടെ പ്രചാരണം. മൂന്ന് മുന്നണികളും മുൻ ജനപ്രതിനിധികളെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. സംസ്ഥാന നേതാക്കളെ ഇറക്കിയാണ് മുന്നണികളുടെ പ്രചാരണം. വാശിയേറിയ തരത്തിൽ റാലികളും പൊതുസമ്മേളനങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് വോട്ടുറപ്പിക്കാനാണ് അവസാനനിമിഷത്തിലും സ്ഥാനാർഥികളുടെ ശ്രമം.
എൽഡിഎഫിനും യുഡിഎഫിനും വിമത സ്ഥാനാർഥികൾ ഉള്ള വാർഡിൽ എസ്ഡിപിഐ, ആം ആദ്മി സ്ഥാനാർഥികളും സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച സമാപിക്കും. 12-നാണ് വോട്ടെടുപ്പ്. 13-ന് ഫലം പ്രഖ്യാപിക്കും. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പിന്തുണയോടെ മത്സരരംഗത്തുണ്ടായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിരഞ്ഞെടുപ്പിന് തലേദിവസം മരണപ്പെട്ടതോടെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.
നേരത്തേ വിഴിഞ്ഞം ജങ്ഷനു ചുറ്റും മാത്രമുണ്ടായിരുന്ന 6000 വോട്ടുകളുള്ള വാർഡായിരുന്നു വിഴിഞ്ഞം. എന്നാൽ, വാർഡ് വിഭജനം കഴിഞ്ഞതോടെ മുല്ലൂർ, വെങ്ങാനൂർ പ്രദേശങ്ങളുൾപ്പെടുന്ന 13000 വോട്ടുകളുള്ള വലിയ വാർഡായി ഇപ്പോൾ വിഴിഞ്ഞം മാറി. നേരത്തേ ഉണ്ടായിരുന്ന വാർഡിനൊപ്പം ഹാർബർ, കോട്ടപ്പുറം, വെങ്ങാനൂർ വാർഡുകളിലെ മേഖലകൾ ഉൾപ്പെടുത്തിയാണ് വാർഡ് വികസിപ്പിച്ചത്. അഞ്ച് ബൂത്തുണ്ടായിരുന്നയിടത്ത് ഇപ്പോൾ 10 ബൂത്തുകളാണുള്ളത്. 2015-ൽ 53 വോട്ടിനാണ് വിഴിഞ്ഞത്ത് സിപിഎമ്മിലെ എൻ.എ.റഷീദ് വിജയിച്ചത്. റഷീദ് നിലവിൽ പാർട്ടിവിട്ട് വിമതനായി വാർഡിൽ മത്സരരംഗത്തുണ്ട്.
2020-ൽ ഭൂരിപക്ഷം 252 ആക്കി ഉയർത്തി സിപിഎമ്മിലെ സമീറ വാർഡ് നിലനിർത്തി. ഹിന്ദു, മുസ്‌ലിം വോട്ടർമാർക്ക് ഭൂരിപക്ഷമുള്ള വാർഡിൽ ക്രിസ്ത്യൻ വോട്ടർമാരും നിർണായക ഘടകമാണ്.
: വാർഡ് നിലനിർത്താൻ നേരത്തേ വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എം. നൗഷാദിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കൂട്ടിച്ചേർത്ത ഭാഗങ്ങളുൾപ്പെടെ വിഴിഞ്ഞം വാർഡ് രാഷ്ട്രീയമായി എൽഡിഎഫിന് മികച്ച അടിത്തറയുള്ള മേഖലകളാണ് എന്നതാണ് മുന്നണിയുടെ ആത്മവിശ്വാസം.
കോർപ്പറേഷൻ ഭരണം നഷ്ടമായത് വിജയത്തെ ബാധിക്കില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ വോട്ടായി മാറുമെന്നും നേതൃത്വം കരുതുന്നു. വിഴിഞ്ഞം തുറമുഖം, മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. തിരഞ്ഞെടുപ്പിൽ ബിജെപി വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്.
തീരദേശ മേഖലയിൽ നിന്നുള്ള ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം വെങ്ങാനൂർ മേഖലയിലെ മറ്റ് വിഭാഗങ്ങളുടെ വോട്ടുകളും സിപിഎം പ്രതീക്ഷിക്കുന്നു. സാമുദായിക സമവാക്യങ്ങൾക്കപ്പുറമുള്ള രാഷ്ട്രീയ വോട്ടുകളും തങ്ങൾക്കുറപ്പാണെന്ന് സിപിഎം കരുതുന്നുണ്ട്.
എന്നാൽ, മുൻ കൗൺസിലർതന്നെ വിമതനായി രംഗത്തുള്ളതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.
: ഐൻടിയുസി നേതാവും മുൻ ഹാർബർ വാർഡ് കൗൺസിലറുമായ കെ.എച്ച്. സുധീർഖാനാണ് കോൺഗ്രസിനായി രംഗത്തുള്ളത്. ജനപ്രതിനിധിയായിരുന്നതിനാൽ മേഖലയിൽ സുപരിചിതനായ സ്ഥാനാർഥിയുടെ വ്യക്തിത്വമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. ന്യൂനപക്ഷ മേഖലയിൽനിന്നുള്ള വോട്ടുകൾ ഇത്തവണ യുഡിഎഫിനൊപ്പം എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മുല്ലൂർ, വെങ്ങാനൂർ മേഖലകളിൽനിന്ന് മതനിരപേക്ഷ വോട്ടുകളും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. വാർഡ് വിഭജനത്തിലൂടെ കോർപ്പറേഷനിലാകെ ബിജെപിക്ക് വിജയംനേടാൻ സിപിഎം കളമൊരുക്കിയെന്നാണ് കോൺഗ്രസ് ആരോപണം. വിഴിഞ്ഞത്തും വാർഡ് വിഭജനത്തിലൂടെ സിപിഎം-ബിജെപി ബന്ധമുണ്ടെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.
മുൻ കോർപ്പറേഷൻ ഭരണസമിതിക്കും സംസ്ഥാന സർക്കാരിനുമെതിരായ ജനവികാരവും തങ്ങൾക്കനുകൂലമാണെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു. എന്നാൽ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ വിമതനായി രംഗത്തുള്ളത് കോൺഗ്രസിന് വെല്ലുവിളിയാണ്.
: ബിജെപിയുടെ മുൻ ഏരിയാ പ്രസിഡന്റും വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്ന സർവശക്തിപുരം ബിനുവാണ് ബിജെപി സ്ഥാനാർഥി.
തിരഞ്ഞെടുപ്പു പ്രചാരണസമയത്ത്, കുളത്തിൽ വീണ സ്കൂൾ കുട്ടിയെ രക്ഷിക്കുന്നതിനിടെ കാലിനു പരിക്കേറ്റ ബിനു കുറച്ചുനാളത്തെ വിശ്രമത്തിനൊടുവിലാണ് ഇപ്പോൾ പ്രചാരണരംഗത്ത് സജീവമായിരിക്കുന്നത്. വിഴിഞ്ഞം തെരുവ്, വെങ്ങാനൂർ, പിറവിളാകം, തെന്നൂർക്കോണം, വെങ്ങാനൂർ, മണലി തുടങ്ങിയ മേഖലകളിൽ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. കൂടാതെ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നു. ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിക്ക് അനുകൂലമാക്കാനുള്ള നീക്കവും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്. മേഖലയിലെ അടിസ്ഥാനവികസനരംഗത്തെ പിന്നാക്കാവസ്ഥയും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും വോട്ടായി മാറുമെന്നും പാർട്ടി നേതൃത്വം കരുതുന്നുണ്ട്. എസ്ഡിപിഐയുടെ എസ്.മാഹീൻ, കേരള കോൺഗ്രസിലെ (ജോസഫ്) വിജയമൂർത്തി, ആം ആദ്മി പാർട്ടിയിലെ സമിൻ സത്യദാസ്, സ്വതന്ത്ര സ്ഥാനാർഥി ഷാജഹാൻ എന്നിവരും മത്സരരംഗത്തുണ്ട്.
