January 15, 2026

വിഴിഞ്ഞം : ബിജെപി വോട്ടിൽ വൻമുന്നേറ്റമുണ്ടാക്കിയെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് യുഡിഎഫിനൊപ്പം നിന്നു. ഏറെ പ്രതീക്ഷവച്ച എൽഡിഎഫിന് സിറ്റിങ് വാർഡ് നഷ്ടപ്പെട്ടു. കോർപ്പറേഷനിലെ പാർട്ടി സമവാക്യത്തിൽ വിഴിഞ്ഞം ഉപതിരഞ്ഞെടുപ്പ് പ്രതിഫലിച്ചില്ല.

യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്.സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സുധീർഖാന് 2902 വോട്ടുകളും എൽഡിഎഫിലെ നൗഷാദിന് 2819 വോട്ടുകളും ലഭിച്ചു. 2437 വോട്ടുകൾ നേടി ബിജെപിയുടെ സർവശക്തിപുരം ബിനു മൂന്നാമതെത്തി ശക്തി തെളിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് 316 വോട്ടായിരുന്നു ബിജെപിയുടെ വിഴിഞ്ഞം വാർഡിലെ വോട്ടുവിഹിതം.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ നേരിട്ടിറങ്ങിയ തിരഞ്ഞെടുപ്പാണ് വിഴിഞ്ഞത്തേത്. വിഴിഞ്ഞം കിട്ടിയാൽ കോർപ്പറേഷൻ ഭരണം കുറച്ചുകൂടി സുരക്ഷിതമാക്കാൻ കഴിയുമായിരുന്നു. ബിജെപിക്ക് അത്ര അനുകൂലമല്ലാത്ത തീരദേശ വാർഡിൽ മറ്റ് രണ്ടു മുന്നണികൾക്കും ഒപ്പത്തിനൊപ്പം നിൽക്കാനായി.

പത്തുവർഷമായി കൈവശം വച്ചിരുന്ന എൽഡിഎഫിന്റെ സീറ്റായിരുന്നു യുഡിഎഫ് തിരികെ പിടിച്ചത്. എൽഡിഎഫ് വിമതനായ എൻ.എ.റഷീദിന് 118 വോട്ടുകളും കോൺഗ്രസ് വിമതനായ ഹിസാൻ ഹുസൈന് 494 വോട്ടുകളും നേടാനായി. വിമതന്റെ വോട്ടുകൾ എൽഡിഎഫിന് നിർണായകമായി.

ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ടുകൾ വിമതൻ കൊണ്ടുപോയി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ വിജയമൂർത്തിക്ക് 65- ഉം എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ച മാഹിന് 33-ഉം ആംആദ്മി പാർട്ടിയിലെ സമിൻ സത്യദാസിന് 31- ഉം വോട്ടുകൾ ലഭിച്ചു.

ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന് 20 അംഗങ്ങളായി. വിഴിഞ്ഞം ഫലം കോർപ്പറേഷൻ ബിജെപി ഭരണത്തെ ബാധിക്കില്ല. 101 അംഗങ്ങളിൽ ബിജെപിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണ ഉൾപ്പെടെ 51 പേരുണ്ട്. എൽ‍ഡിഎഫ് (29), യുഡിഎഫ് (20), സ്വതന്ത്രൻ (ഒന്ന്) എന്നിങ്ങനെയാണ് മറുപക്ഷത്തെ നില. ഇവരെല്ലാവരും ചേർന്നാലും 50 അംഗങ്ങളേ ഉണ്ടാവുകയുള്ളൂ.

കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി യുഡിഎഫ്. എൽഡിഎഫിന്റെ സിറ്റിങ് വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. കഴിഞ്ഞ രണ്ടുതവണയും ഈ വാർഡിൽ എൽഡിഎഫിനായിരുന്നു ജയം. ജില്ലയിലുണ്ടായ നേട്ടത്തിനൊപ്പം ഈ വിജയവും യുഡിഎഫിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. തീരദേശ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്കൊപ്പമാണെന്ന്‌ തെളിയിക്കാനും യുഡിഎഫിനായി. കഴിഞ്ഞ തവണ 1542 വോട്ട് നേടിയ സിപിഎമ്മിന് ഇത്തവണ 2819 വോട്ടാണ് ലഭിച്ചത്. 1324 ൽ നിന്ന് കോൺഗ്രസിന്റെ വോട്ടുകൾ 2902 ആയി ഉയർന്നു.

വാർഡ് വിഭജനത്തിൽ ഏറെ മാറ്റങ്ങൾ വന്ന ഇപ്പോഴത്തെ വിഴിഞ്ഞം വാർഡിൽ വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 13000- ത്തിലേറെ വോട്ടർമാരാണ് ഇപ്പോഴുള്ളത്.

യുഡിഎഫിന്റെ മുന്നേറ്റം തടയാൻ തീരദേശ വാർഡുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം വാർഡ് വിഭജന സമയത്ത് നടന്നതായും ആരോപണം ഉയർന്നിരുന്നു. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷന്റെ തീരപ്രദേശങ്ങളിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം. എന്നാൽ ഇത്തവണ വിഴിഞ്ഞം കൂടി പിടിച്ചെടുത്തുകൊണ്ട് യുഡിഎഫ് തങ്ങളുടെ മേൽക്കോയ്മ തെളിയിച്ചു. അതേ സമയം എൽഡിഎഫ് തീരദേശ വാർഡുകളിൽ പിന്നാക്കം പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *