–
വിളവൂര്‍ക്കല്‍: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പഞ്ചായത്ത് കെട്ടിയ കരിങ്കല്‍കെട്ടും മതിലും തകര്‍ന്ന് കുടുംബങ്ങള്‍ അപകട ഭീതിയില്‍. വിളവൂര്‍ക്കല്‍ പഞ്ചാത്തില്‍ വിഴവൂര്‍ തെങ്ങുവിളാകം മിച്ചഭൂമിയില്‍ താസക്കാരായ വിധവയായ സുമ ജയനും ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളും താമസിക്കുന്ന വീടിനു മുകളിലേയ്ക്കാണ് 25-അടി ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് വീണത്. മിച്ചഭൂമിയില്‍ താമസക്കാരായ ഇവര്‍ക്കു പുറമെ സമീപവാസികളായ ചിത്ര, മഞ്ജു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലാണ്. മിച്ചഭൂമിയുമായി വേര്‍തിരിക്കുന്ന കല്‍കെട്ടിനു മുകളില്‍ താമസക്കാരായ കല്ലംപൊറ്റയില്‍ ശശികുമാറിന്റെ വീടിന്റെ മുറ്റം ഉള്‍പ്പെടുന്ന ഭാഗമാണ് താഴെയ്ക്ക് ഇടിഞ്ഞു വീണത്. ഇതോടെ മുകളിലെ ഇവരുടെ വീടും അപകടാവസ്ഥയിലാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. ചൊവ്വാഴ്ച വിളവൂര്‍ക്കല്‍ വില്ലേജാഫീസര്‍ സ്ഥലത്തെത്തിയെങ്കിലും പഞ്ചായത്താണ് നടപടി സ്വീകരിക്കേണ്ടതെന്ന മറുപടിയുമായി മടങ്ങി. പഞ്ചായത്ത് അധികൃതര്‍ ആരും സ്ഥലത്തെത്തിയിട്ടില്ല. അടിയന്തിരമായി അധികൃതര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന അപേക്ഷയിലാണ് കുടുംബങ്ങള്‍.


