സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹമായിരുന്നു ഇത്.ഉക്രൈനിൽ ജോലി ചെയ്യുന്ന ജീവൻകുമാറാണ് പുനലൂരിലെ സബ് രജിസ്റ്റർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം കഴിച്ചത്.സബ് രജിസ്ട്രാർ ടി എം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ് .ഉക്രൈനിൽ ജോലിചെയ്യുന്ന ജീവന് കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്താൻ സാധിക്കാതെ വന്നതോടെയാണ് ഓൺലൈനായി വിവാഹം കഴിച്ചത്.സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ കാലയളവിൽ ജീവന് നാട്ടിലെത്താൻ സാധിച്ചിരുന്നില്ല.അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും,സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കോടതി സർക്കാരിൻറെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐ ടി വകുപ്പിൻറെയും അഭിപ്രായം തേടി.വിധി അനുകൂലമായതിനെ തുടർന്നാണ് ഓൺലൈനിലൂടെയുള്ള ആദ്യ വിവാഹത്തിന് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ വേദിയായത്.
