ഊട്ടി കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂർ സൂലൂരിലെ വ്യോമ താവളത്തിലേക്ക് തിരിച്ചു. വെല്ലിംങ്ങ്ടൺ സൈനിക പരേഡ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗമാണ് യാത്ര. പരേഡ് ഗ്രൗണ്ടിൽ പൂർണ്ണ ബഹുമതികൾ നൽകിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യോമസേന മേധാവി വി ആർ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങൾ, ഗവർണർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാർ. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക് പുറപ്പെടും.
ഊട്ടിയിലെ വെല്ലിംങ്ങ്ടൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സൈനികവ്യൂഹത്തിൻ്റെ അകമ്പടിയോടെയാണ് വെല്ലിംങ്ടണിലെ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിൻ്റേയും പത്നി മധുലിക റാവത്തിൻ്റേയും മൃതദേഹങ്ങൾ എത്തിച്ചത്. പിന്നാലെ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു. പൊതുദർശനത്തിനും ആദരമർപ്പിക്കൽ ചടങ്ങിനും ശേഷമാണ് ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര സൂലൂരിലെ വ്യോമ താവളത്തിലേക്ക് തിരിച്ചത്.
