വർക്കല: ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള 15-ാമത് എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തുടക്കമായി. എം.എസ്.സുബ്ബലക്ഷ്മി നഗറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഐ.എം. ജി ഡയറക്ടറുമായ കെ.ജയകുമാർ ഈ വർഷത്തെ സംഗീതോത്സവത്തിന് ഭദ്രദീപം കൊളുത്തിഉദ്ഘാടനം ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ച കർണ്ണാടക സംഗീതജ്ഞയായിരുന്നു എം.എസ്.സുബ്ബലക്ഷ്മിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും തലമുറയിലെ സംഗീത വിദ്യാർത്ഥികൾക്ക് എം.എസിനെപ്പറ്റി പഠിക്കുവാനും അറിയുവാനും ഇത്തരം സംഗീതോത്സവ വേദികൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അക്കാദമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ,സിനിമാതാരം ആർ.സുബ്ബലക്ഷ്മി, ഏഷ്യാനെറ്റ് ന്യൂസ് റീഡർ രജനി വാര്യർ, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
സംഗീതോത്സവത്തിലെ ഉത്ഘാടന ദിനത്തിൽ കെ.ആനന്ദവർമ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു.
13-ന് സോണിയാ ആമോദിന്റെയും 14-ന് ഗായകൻ അർജുൻ ബി.കൃഷ്ണയുടെയും കർണാടക സംഗീതക്കച്ചേരി നടക്കും. 15-ന് എസ്.മഹാദേവന്റെ വീണക്കച്ചേരി. സമാപനദിവസമായ 16-ന് അബ്രിദിത മൈത്രി ബാനർജിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയുണ്ടാകും. യുട്യൂബിലും ഫെയ്സ്ബുക്കിലും ലൈവായി എല്ലാ ദിവസത്തെയും പരിപാടി വൈകിട്ട് 6 മണി മുതൽ കാണാവുന്നതാണ്.
